ന്യൂഡല്‍ഹി > കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം സാങ്കേതികത്തകരാറുമുലം റണ്‍വേയില്‍നിന്ന‌് തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു രാഹുല്‍ഗാന്ധിയും മറ്റ‌് നാല‌് കോണ്‍ഗ്രസ‌് പ്രവര്‍ത്തകരും സഞ്ചരിച്ച പ്രത്യേക വിമാനം അപകടത്തില്‍പ്പെട്ടത‌്. വ്യാഴാഴ്ച പകല്‍ 11.30നാണ് സംഭവം നടന്നത്.
ഡല്‍ഹിയില്‍നിന്ന് കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നതാണ് രാഹുല്‍ ഗാന്ധി. ഹൂബ്ലി വിമാനത്താവളത്തില്‍ രണ്ടു തവണ വിമാനം ലാന്‍ഡ‌് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുലുക്കം അനുഭവപ്പെടുകയായിരുന്നു. മൂന്നാം തവണയുള്ള ശ്രമത്തിലാണ് വിമാനം ലാന്‍ഡ‌് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി.
സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സുരക്ഷാ സൈനികര്‍ ക്യാബിന്‍ ക്യൂവിനെയും രണ്ടു പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പൈലറ്റുമാര്‍ക്കെതിരെ ഗോകുല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.ഇതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതെന്നും മാന്വല്‍ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.
വിമാനം അപകടത്തില്‍പ്പെട്ടത് സ്വാഭാവികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ‌് പരാതി. അട്ടിമറി ശ്രമമുണ്ടെന്നാണ‌് കോണ്‍ഗ്രസ‌് ആരോപണം. അന്വേഷണം നടത്താന്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടു. സംഭവം വിവാദമായതോടെ ചൈന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ‌്ച രാത്രിയോടെ രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ചു.