റഫാല്‍ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന പരാതിയില്‍ നടത്തിയ ഖേദപ്രകടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തുണച്ചില്ല. ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി രാഹുലിന് നോട്ടീസ് നല്‍കി.
കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാനുള്ള കാരണം അടിയന്തരമായില്‍ അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. റഫാല്‍ കേസില്‍ ചില രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച സന്ദര്‍ഭത്തില്‍ ചൗക്കീദാര്‍ കള്ളനാണെന്ന് കോടതിയും അംഗീകരിച്ചുവെന്നാണ് വിധി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞത്. ഇതിനെതിരെയാണു മീനാക്ഷി ലേഖി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഒരാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിനിടെ പറഞ്ഞു പോയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാഹുല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ തന്റെ പ്രസ്‌താവന ദുര്‍വ്യഖ്യാനം ചെയ്‌തതാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.