കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് സാക്ഷ്യം വഹിക്കാനെത്തിയത് പതിനായിരങ്ങള്‍. വയനാട് കലക്ടറേറ്റില്‍ പ്രിയങ്കയ്‌ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.
കല്‍പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. നാലു സെറ്റ് നാമനിര്‍ദേശപത്രിക, സത്യവാങ്‌മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുല്‍ വരാണാധികാരിയായ കലക്ടര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുല്‍ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്‌റ്റര്‍ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചിരുന്നു. കലക്ടറേറ്റില്‍നിന്ന് കല്‍പറ്റയിലേക്ക് രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരോടൊപ്പം റോഡ്‌ഷോ നടത്തിയത് വയനാടിനെ ആവേശക്കടലാക്കി മാറ്റി.