പി.പി. ചെറിയാന്‍
മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്‌എസ്‌എസിലെ സയന്‍സ് ലാബ് ഉദ്‌ഘാടനം ചെയ്യാനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്‌ത അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ചും അമേരിക്കയില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം.
പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്‌റ്റേജിലേക്കു വരാമോ എന്ന രാഹുല്‍ ചോദിച്ചപ്പോള്‍ സഫയാണ് ആ വെല്ലുവിളി ഏറ്റെടുത്തു സ്‌റ്റേജിലെത്തിയത്.
തനി നാടന്‍ മലപ്പുറം ശൈലിയിലുള്ള സഫയുടെ പരിഭാഷ സോഷ്യല്‍ മീഡിയായില്‍ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു സഫയുടെ പരിഭാഷയെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ രാഹുലിന്‍റെ പ്രസംഗം പോസ്റ്റ് ചെയ്‌തിട്ടുണ്ട് .
രാഹുലിന്റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില വരികള്‍ പരിചയസമ്പന്നയായ ഒരു പരിഭാഷകയെ പോലെയാണ് യാതൊരു സങ്കോചമോ ഭയമോ ഇല്ലാതെയാണ് സഫ കൈകാര്യം ചെയ്‌തത്.
പ്രസംഗത്തില്‍ വയനാട്ടില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിനെക്കുറിച്ചു സംസാരിച്ച രാഹുല്‍, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കി.
തന്റെ എംപി ഫണ്ട് വളരെക്കുറവാണെങ്കിലും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്‍റെ അവസാനം സഫയ്‌ക്കു നന്ദി പറഞ്ഞ രാഹുല്‍, ചോക്ലേറ്റ് നല്‍കാനും മടിച്ചില്ല.
രാഹുലിനെ ഇഷ്ടമായിരുന്നുവെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു സഫ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. വേദിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സന്നിഹിതരായിരുന്നു.