• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വയനാട്ടില്‍ തരംഗമായി രാഹുല്‍; പോരിന്‌ തുഷാറും സുനീറും

രാഹുല്‍ ഗാന്ധി വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന വാര്‍ത്ത യുഡിഎഫ്‌ പ്രവര്‍ത്തകരില്‍ അതിരറ്റ ആഹ്ലാദമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. രാഹുല്‍ വയനാട്ടിലെത്തുമെന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നെങ്കിലും പിന്നീട്‌ അതിന്‌ സാധ്യതകള്‍ മങ്ങി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം വയനാട്ടില്‍ സ്ഥാനാര്‍ഥിയായി ടി.സിദ്ദീഖിനെ പ്രഖ്യാപിക്കുകയും പ്രചാരണം പാതി വഴി പിന്നിടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെ വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തുന്നത്‌.

ഇതിനെ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ 'സര്‍ജിക്കല്‍ സ്‌െ്രെടക്ക്‌' എന്നാണു സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന സിദ്ദീഖ്‌ വിശേഷിപ്പിച്ചത്‌. കേരളത്തില്‍ വലിയൊരു തരംഗമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനു സാധിക്കും എന്നാണു പൊതുവായ വിലയിരുത്തല്‍. കര്‍ണാടകയിലേക്കും അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണു പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

ബിജെപി മുതിര്‍ന്ന നേതാക്കളെ ഇറക്കുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും സീറ്റ്‌ ബിഡിജെഎസിനു തന്നെ എന്ന്‌ അമിത്‌ ഷാ തീരുമാനിക്കുകയായിരുന്നു. തൃശൂരില്‍ പ്രചാരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി കൂടി എത്തുന്നതോടെ വയനാടിന്റെ താരപരിവേഷം കൂടുതല്‍ ശക്തമാകും. ഇവിടെ പൈലി വാത്യാട്ടിനെ ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ ഗാന്ധി വന്നതോടെ സീറ്റ്‌ തുഷാര്‍ വെള്ളാപ്പള്ളി ഏറ്റെടുക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൂടി സമ്മതത്തോടെയായിരുന്നു ഇത്‌. രാഹുല്‍ വരികയാണെങ്കില്‍ ബിജെപി ഈ സീറ്റ്‌ ഏറ്റെടുക്കുമെന്നായിരുന്നു ആദ്യസൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ നേരിട്ടാണ്‌ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറിനെ പ്രഖ്യാപിച്ചത്‌.

Top