രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. സേലത്ത് യുപിഎയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് സ്റ്റാലിന് പുതിയ ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ തുടര്‍ന്നു പ്രസംഗിച്ച രാഹുല്‍ ഇക്കാര്യത്തെ കുറിച്ചു പരാമര്‍ശിച്ചില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതുചെയ്തു നല്കുന്ന ആളായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധപതിച്ചെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അമിത് ഷായുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യം തമിഴ്നാട് മുഖ്യമന്ത്രിക്കില്ലെന്നും എന്നാല്‍ അദ്ദേഹം ചെയ്ത അഴിമതികള്‍ അതിന് നിര്ബന്ധിതനാക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
മഹത്തായ ഭാഷയും സംസ്കാരവുമുള്ള ഒരു നാടിന്റെ മുഖ്യമന്ത്രി, അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുന്നില്‍ തലകുനിക്കുന്നതും കാലില്‍ വീഴുന്നതും കണ്ടുനില്ക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ ഇതാദ്യമായാണ് തമിഴ്നാട്ടിലെ യുപിഎയിലെ 13 പാര്‍ട്ടികളും ഒന്നിച്ചു പൊതുവേദിയിലെത്തുന്നത്.