പാര്‍ലമെന്റില്‍ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാര്‍ നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി. ഇവിടെയുള്ളവരുടെ കൂടെനില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിനാളുകള്‍ കനത്ത മഴ അവഗണിച്ച് രാഹുലിനെ കാണാനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 4.45ന് കാളികാവിലെ റോഡ് ഷോ പൂര്‍ത്തിയാക്കി നിലമ്പൂരിലേക്ക് തിരിച്ചു. എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലും ഇന്ന് രാഹുല്‍ എത്തുന്നുണ്ട്. മഞ്ചേരി�വണ്ടൂര്‍ റോഡില്‍ വന്‍ ആഘോഷമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകരും ആരാധകരും മണിക്കൂറുകള്‍ കാത്തുനിന്നു.
കാളികാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലെ റോഡ്‌ഷോയ്‌ക്കുശേഷം റോഡ് മാര്‍ഗം കല്‍പറ്റയിലേക്ക് തിരിച്ച രാഹുലിന് കല്‍പറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയത്. കാളികാവില്‍ പഞ്ചായത്ത് ഓഫിസ് മുതല്‍ ടൗണ്‍ വരെയും എടവണ്ണയില്‍ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയും നിലമ്പൂരില്‍ ചന്തക്കുന്ന് മുതല്‍ ഗവ. മോഡല്‍ യുപി സ്‌കൂള്‍ വരെയും അരീക്കോട് പുത്തലം മുതല്‍ പത്തനാപുരം പാലംവരെയുമായിരുന്നു രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ.
തൊണ്ടയ്‌ക്കുള്ള അസുഖം കാരണം ഡോക്ടര്‍മാര്‍ സംസാര നിയന്ത്രണവും വിശ്രമവും നിര്‍ദേശിച്ചതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തിയില്ല.