എസ്‌ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും തൗഹീദ് ജമാഅത്തിന്റേയും തമിഴ്‌നാട്ടിലെ ഓഫിസുകളില്‍ എന്‍ഐഎ റെയ്‌ഡ്. അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കുഭംകോണം, കാരയ്‌ക്കല്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കേരളത്തില്‍നിന്നുള്ള എന്‍ഐഎ സംഘമാണ് മൂന്ന് ജില്ലകളില്‍ പരിശോധന നടത്തിയത്.
ശ്രീലങ്കന്‍ മാതൃകയില്‍ പുതുവല്‍സരാരംഭത്തില്‍ കേരളത്തില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയുണ്ടാക്കിയതിനു പിന്നില്‍ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ലയാണെന്ന് റിയാസ് മൊഴി നല്‍കിയിരുന്നു. റിയാസ് അബൂബക്കറെ മേയ് 29വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധാനാലയങ്ങളും കേന്ദ്രീകരിച്ച് ആക്രമണത്തിനായിരുന്നു ഐഎസ് പദ്ധതി. അതിന് ആളും അര്‍ഥവും കൂട്ടുന്നതിന് പിന്നില്‍ കാസര്‍കോട് പടന്ന സ്വദേശി റാഷിദ് അബ്ദുല്ലയ്‌ക്ക് പങ്കുമുണ്ട് . ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്‌ഫോടനങ്ങള്‍ നടത്താനും ട്രെയിനുകള്‍ അട്ടിമറിക്കാനും ആഹ്വാനം ചെയ്യുന്ന റാഷിദിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഒന്നരവര്‍ഷം മുമ്പ് പുറത്ത് വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് റിയാസ് അബൂബക്കറിന് റാഷിദുമായുള്ള ബന്ധം ബോധ്യപ്പെട്ടത് .