കൊച്ചി: മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായിതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായി. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന ട്രയിന്‍ ഗതാഗതം താറുമാറായി. പല ആദിവാസ ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. തീരമേഖലയില്‍ കടലാക്രമണവും ശക്തമായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ എറണാകുളത്ത് ഒരാള്‍ മരിച്ചു. കുട്ടമ്ബുഴയില്‍ വെള്ളാരംകുത്ത് സ്വദേശി ടോമി (55) ആണ് മരിച്ചത്.
കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്‌ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.
കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്‌ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.
കോട്ടയം-ചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.
ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രണ്ടരമണിക്കൂറും, നാഗര്‍കോവില്‍-മംഗലാപുരം എക്സ്ര്പ്രസ് മൂന്നുമണിക്കൂറും, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒരുമണിക്കൂറും വൈകിയാണ് ഓടുന്നത്. മുംബൈ-കന്യാകുമാരി ജയന്തി ജനത രണ്ടര മണിക്കൂറും, കൊല്ലം-ഇടമണ്‍ ട്രെയിന്‍ രണ്ട് മണിക്കൂറും, യശ്വന്ത്പൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് രണ്ട് മണിക്കൂറും വൈകിയാണ് ഓടുന്നത്.