• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ രാജഗോപാല്‍ ആശുപത്രിയില്‍ വിധിക്ക്‌ കീഴടങ്ങി

കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഉടമ പി.രാജഗോപാല്‍ (72) വിധിക്ക്‌ കീഴടങ്ങി. ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ്‌ പി.രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്‌.

ആരോഗ്യസ്ഥിതി പരിഗണിച്ച്‌, ഇക്കഴിഞ്ഞ്‌ ജൂലായ്‌ 7നു ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത്‌ നീട്ടണമെന്ന്‌ രാജഗോപാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നു കീഴടങ്ങിയ രാജഗോപാലിനെ കൂടുതല്‍ പരിശോധനയ്‌ക്കായി ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ഹര്‍ജി പരിഗണിച്ച്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികില്‍സയ്‌ക്കിടെ രണ്ടു തവണ ഹൃദയസ്‌തംഭനം വന്നതായി റിപ്പോര്‍ട്ടുണ്ട്‌.

ജൂലൈ 9ന്‌ കോടതിയില്‍ കീഴടങ്ങിയതിനു പിന്നാലെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ്‌ രാജഗോപാലിനെ പ്രവേശിപ്പിച്ചത്‌. ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌ക്‌ ധരിച്ചാണ്‌ രാജഗോപാല്‍ കീഴടങ്ങാന്‍ കോടതി വളപ്പിലെത്തിയിരുന്നത്‌. ആരോഗ്യസ്ഥിതി മോശമാണെന്നു കാട്ടി രാജഗോപാലിന്റെ മകന്‍ ആര്‍. ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ്‌ രാജഗോപാലിനുണ്ടായിരുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന്‌ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Top