ഇന്ത്യയുടെ ആണവായുധ നയത്തില്‍ മാറ്റങ്ങള്‍ വരാമെന്ന സൂചന നല്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 'ആദ്യം പ്രയോഗിക്കില്ല' എന്ന നയം തുടരുമ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നയത്തില്‍ മാറ്റം വരാമെന്നു രാജ്നാഥ് പറഞ്ഞു.
ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു പ്രതിരോധ മന്ത്രിയുടെ നിര്‍ണായക പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്നാഥിന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
'ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. ' രാജ്നാഥ് പറഞ്ഞു.