കോട്ടയം: കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും സുധീരനും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാവുകയും അതിന് പിന്നാലെ യൂത്തന്‍മാരായ എംഎല്‍എമാര്‍ ശക്തമായ മറുപടിയുമായി രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ കടുത്തിരിക്കുകയാണ്. മാണിയുടെ സമദൂര സിദ്ധാന്തം വെറും തട്ടിപ്പാണെന്നും വേണ്ടി വന്നാല്‍ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് സുധീരന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുധീരന് കിടിലന്‍ മറുപടിയുമായി മാണി രംഗത്തെത്തുകയും ചെയ്തു.
സുധീരന്‍ കാര്യങ്ങള്‍ പഠിച്ചിട്ട് സംസാരിക്കണമെന്ന് മാണി പറഞ്ഞു. അതേസമയം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ കഴിഞ്ഞ ദിവസം സുധീരന്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പോര് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ദേശീയ തലത്തില്‍ വരെ സീറ്റ് സംബന്ധിച്ച ഗൂഢാലോചന നടന്നെന്നാണ് സുധീരന്‍ ആരോപിക്കുന്നത്.
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ പങ്കുവഹിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമെന്ന് ശോഭാ സുരേന്ദ്രന്
സുധീരന്‍ പറഞ്ഞതിങ്ങനെ
കെഎം മാണി ചാഞ്ചാട്ട രാഷ്ട്രീയമുള്ളയാളാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. പോകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മാണി തയ്യാറാവണം. യുഡിഎഫില്‍ എത്തിയിട്ടും സമദൂരം എന്ന് മാണി പറയുന്നത് തന്നെ തെറ്റാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മാണി തയ്യാറാവണം. രാജ്യസഭാ സീറ്റ് നല്‍കിയത് പാര്‍ട്ടി പറ്റിയ വന്‍ അബദ്ധമാണ്. ലോക്‌സഭയില്‍ യുപിഎയ്ക്ക് ഒരു അംഗം നഷ്ടമാകാനും ബിജെപി ഗുണം ചെയ്യാനും അത് ഇടയാക്കും. കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നതാണ് മാണി ഇല്ലാതാക്കിയതെന്നും സുധീരന്‍ ആരോപിച്ചിരുന്നു.
മാണിയുടെ മറുപടി
സുധീരന്‍ മൂന്നു മുന്നണികളുമായി വിലപേശല്‍ നടത്തിയെന്ന പരാമര്‍ശമാണ് മാണിയെ ചൊടിപ്പിച്ചത്. സുധീരന് ഒന്നുമറിയില്ലെന്നും 43 വര്‍ഷം യുഡിഎഫില്‍ ഉറച്ച് നിന്ന തന്നെ ചാഞ്ഞാട്ടക്കാരനെന്ന് വിളിച്ചത് വിലകുറഞ്ഞ നടപടിയായി പോയെന്നും അദ്ദേഹം പറഞ്ഞു. സമദൂര സിദ്ധാന്തം പ്രഖ്യാപിച്ചത് സ്വതന്ത്ര നിലപാട് സ്വീകരിച്ച് ഘട്ടത്തിലാണ്. ഒരു അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. അത് സുധീരന്‍ വ്യക്തമായി കണ്ടിട്ടില്ല. ഇത് കൃത്യമായി കണ്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ സുധീരന്‍ തയ്യാറാവണം. യുഡിഎഫില്‍ പ്രവേശിച്ചതോടെ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് കേരള കോണ്‍ഗ്രസിന്റെ നയമെന്നും മാണി പറഞ്ഞു. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും തനിക്കെതിരെ സുധീരന്‍ വിമര്‍ശനമുന്നയിച്ചതില്‍ മാണി കടുത്ത ദേഷ്യത്തിലാണ്.
മറ്റ് നേതാക്കളും...
സുധീരന് പിന്തുണയെന്നോണം മറ്റ് നേതാക്കളും വിഷയം കൂടുതല്‍ വിവാദമാക്കുന്നുണ്ട്. അതേസമയം താന്‍ പണ്ട് ഉണ്ടാക്കിയ എതിര്‍പ്പാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിനെ പോലെ രണ്ടു തവണ പൂര്‍ത്തിയാക്കി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സീറ്റ് നല്‍കരുതെന്നായിരുന്നു തന്റെ ആവശ്യം. എന്നാല്‍ കെപിസിസി ഇത് തള്ളി. അതിനെതിരെയാണ് ഉമ്മന്‍ച്ചാണ്ടിക്കെതിരെ പുതുപള്ളിയില്‍ മത്സരിച്ചത്. ഒരേയാളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണ അധികാര കുത്തകയുടെ വികൃത രൂപമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ആരുടെയും മൈക്ക് സെറ്റല്ല
യുവനേതാക്കളും ഇതിന് പിന്നാലെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. തങ്ങള്‍ ആരുടെയും മൈക്ക് സെറ്റല്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയുമെന്ന് അനില്‍ അക്കര പറഞ്ഞു. പിജെ കുര്യനെ പുറത്താക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അനില്‍ അക്കര പ്രവര്‍ത്തിച്ചുവെന്ന പരാമര്‍ശത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. നേരത്തെ ഷാഫി പറമ്ബില്‍ എംഎല്‍എയും കുര്യന് മറുപിട നല്‍കിയിരുന്നു. യുവ എംഎല്‍എമാരുടെ നിലപാടുകള്‍ സ്വതന്ത്രമായി എടുത്തതാണെന്നും നേതാക്കളുടെ തീരുമാനത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹൈക്കമാന്‍ഡിന് അതൃപ്തി
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലുണ്ടാകുന്ന വിവാദത്തില്‍ കടുത്ത അതൃപ്തിയിലാണ്. ഒരു മുതിര്‍ന്ന നേതാവ് തന്നെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് ശരിയല്ലെന്ന് രാഹുലിന് അഭിപ്രായമുണ്ട്. പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നുവെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. അതേസമയം കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്നും ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നു. എന്നാല്‍ ഇടപെടല്‍ വേണമോയെന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം തീരുമാനിക്കാമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അതേസമയം പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.