ലോകമെമ്ബാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍. വിശ്വാസികളുടെ മനസ്സും ശരീരവും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാചരണത്തിനായി പാകപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യ റംസാനെ ഹൃദയത്തിലേറ്റി.
റംസാനിലെ ഓരോ ദിനവും കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം.
അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദറിന്റെ മാസം.
ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവായ ബദര്‍ യുദ്ധം നടന്ന മാസം. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വിശുദ്ധ റമദാന്‍ മാസത്തിന്.
രാത്രിയിലെ പ്രത്യേക നിസ്‌കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും. മക്കയിലും മദീനയിലും തീര്‍ഥാടകരുടെ തിരക്ക് കൂടും. റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍വഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.