വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രൂപീകരിക്കുക എന്നതാണ് നാം മുഖ്യലക്ഷ്യമായി കാണേണ്ടെതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം- ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗ്ഗീയവത്കരണം നടക്കുന്നു. എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. എന്നാല്‍ അവരിലൊക്കെ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോഡി പിന്തുടരുന്നത്.
എന്തിനാണ് ഗാന്ധിജിയെ കൊന്നതെന്ന പുസ്തകം വിമാനയാത്രയ്ക്കിടയില്‍ വായിക്കുകയുണ്ടായി. ഗാന്ധിജിയെ കൊന്ന ഗോഡ്‌സേയുടേയും മോഡിയുടേയും ചിന്താഗതിയില്‍ വിലയ വ്യത്യാസമില്ല. ഗാന്ധിജിയെ കൊന്നത് മതേതരത്വത്തെ അനുകൂലിച്ചതിനാണ്. ഇപ്പോള്‍ മോഡി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
മന്‍മോഹന്‍ സിംഗിന്റെ പത്തുവര്‍ഷത്തെ ഭരണംകൊണ്ട് നമുക്ക് ലോകത്തിനു മുന്നില്‍ ഇയര്‍ന്നു നില്‍ക്കാനായി. ഇപ്പോള്‍ ഹിന്ദുവിനെ ഹിന്ദുവും, മുസ്ലീമിനെ മുസ്ലീമുമാക്കി മനുഷ്യനെ ഭിന്നിപ്പിച്ചു. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എല്ലാ മതത്തിനും തുല്യാവകാശം എന്നതാണ് ഇന്ത്യന്‍ തത്വം.
കര്‍ണ്ണാടകയില്‍ 70-ല്‍പ്പരം സീറ്റ് ഉണ്ടായിട്ടും 35 സീറ്റ് കിട്ടിയ പാര്‍ട്ടിക്ക് മുഖ്യമന്ത്രിപദം വിട്ടുകൊടുത്തു. ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനാണത്. ഇതിനായി മുലായത്തിന്റെ മകനേയോ, കെ.എം മാണിയേയോ ഒക്കെ കൂട്ടേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. മുഖ്യപ്രശ്‌നം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയാണ്.
ബി.ജെ.പിയാണ് നമ്മുടെ മുഖ്യശത്രു. നമുക്ക് പാളിച്ചകള്‍ പലേടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്ന് പഠിച്ച് മുന്നേറണം. നാട്ടിലുള്ള ബന്ധുക്കളെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം.
അമേരിക്കയില്‍ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നില്‍ക്കണമെന്നദ്ദേഹം പറഞ്ഞു. മാമ്മന്‍ സി. ജേക്കബിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനു മുന്‍കൈ എടുക്കണം. ജോബി ജോര്‍ജ്, ജോയി ഇട്ടന്‍ തുടങ്ങിയവരൊക്കെ ഇതിനായി മുന്നോട്ടുവരണം. സാം പിട്രോഡയുമായി ഇക്കാര്യം ഞാന്‍ സംസാരിക്കുന്നുണ്ട്. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം.
വേദിയിലുണ്ടായിരുന്ന ലീല മാരേട്ടിനേയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇനിയും അവസരങ്ങള്‍ വരും. കെ.എസ്.യു ഉണ്ടായത് ലീലയുടെ പിതാവ് തോമസ് സാറിന്റെ ട്യൂട്ടോറിയലിലായിരുന്നു.
ഫൊക്കാനയുടെ ഇലക്ഷനില്‍ തോറ്റതില്‍ വിഷമിക്കരുത്. എല്ലാം ശരിയാകും. കോണ്‍ഗ്രസുകാരിയെന്ന നിലയില്‍ അഭിമാനത്തോടെ പോകണം- അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മനസ് മുന്‍കൂട്ടി പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നു വി.പി. സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചെങ്ങന്നൂരില്‍ അതു കണ്ടു. കെ.എം. മാണിയെ കൂട്ടുകയും മകനു രാജ്യസഭാസീറ്റ് കൊടുക്കുകയും ചെയ്തതില്‍ പരക്കെ ആക്ഷേപമുണ്ട്. അവരോടൊക്കെ താന്‍ പറഞ്ഞത് ഭാവിയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ വേണ്ടി അതു ചെയ്തു എന്നാണ്. മാണി പോയാല്‍ കേരളത്തില്‍ ഇടതുപക്ഷം എക്കാലത്തും തുടരുന്ന സ്ഥിതി വരും.
ചെറുപ്പക്കാരായ എം.എല്‍എമാര്‍ അതിരുവിട്ട് പ്രതികരിക്കുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം ചെന്നിത്തലയോട് നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചാല്‍ പെട്ടെന്ന് വാര്‍ത്താ പ്രാധാന്യം നേടാം. പക്ഷെ ഗുരുക്കന്മാരേയും മറ്റും ആദരിച്ചുപോകുന്നതിലാണ് നാം വിശ്വസിക്കുന്നത്.
അധികാരത്തില്‍ തിരിച്ചുവരാന്‍ കൂട്ടുകെട്ടുവേണമെങ്കില്‍ അതുണ്ടാവണം. മാണി ധനകാര്യ മന്ത്രിയായും വരട്ടെ- സജീന്ദ്രന്‍ അഭിപ്രായപ്പെട്ടു.