പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനു രണ്ടില ചിഹ്നം നല്‍കാത്ത നടപടി വേദനാജനകമാണെന്നു ജോസ് കെ. മാണി.
പാലായും അവിടുത്തെ ജനങ്ങളും മാണി സാറും രണ്ടില ചിഹ്നവും തമ്മില്‍ ഏറെ വര്‍ഷങ്ങളായുള്ള വൈകാരികമായ ബന്ധമാണ് ഉള്ളത്. ആ ചിഹ്നം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. പി.ജെ. ജോസഫിന്റെ നടപടി പാലായിലെ ജനങ്ങളെ വേദനിപ്പിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു. എല്ലാ യുഡിഎഫ് നേതാക്കളും ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ജെ. ജോസഫ് അതു തള്ളുകയായിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. രണ്ടില നല്‍കിയാല്‍ സ്വീകരിക്കുമെന്നും അല്ലെങ്കില്‍ അതിനായി നിയമവഴി തേടുമെന്നും ജോസ് വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ളാലം ബ്ലോക്ക് ഓഫിസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായും കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായും രണ്ടു രീതിയിലാവും ജോസ് ടോം പത്രിക സമര്‍പ്പിച്ചത്.
അതേസമയം ജോസ് ടോമിനു രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജെ. ജോസഫ്. ജോസ് വിഭാഗം ഉപാധികള്‍ അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ രണ്ടില നല്‍കാമെന്ന് ജോസഫ് ഉപാധി വച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്നാണു സൂചന. തന്നെ അംഗീകരിച്ചാല്‍ ചിഹ്നം നല്‍കുന്ന കാര്യം ആലോചിക്കുമെന്നാണ് ജോസഫ് പറഞ്ഞത്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് റോഷി അഗസ്റ്റിന്‍ ക്ഷണിച്ചിരുന്നു. അതില്‍ പങ്കെടുക്കുമെന്നും സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.