കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും. പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു.
നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യലിനോട് മൗനം പാലിച്ച സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ സാധ്യത പോലീസ് തേടുന്നുണ്ട്. അന്വേഷണസംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും അല്ല, ഓര്‍മയില്ല തുടങ്ങിയ ഉത്തരങ്ങളായിരുന്നു ബിഷപ്പ് നല്‍കിയത്. ബിഷപ്പ് നുണപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ അത് സാഹചര്യതെളിവായി സ്വീകരിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.