ന്യൂഡല്‍ഹി: സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ വായ്പാരൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, സാധ്യതകള്‍ എന്നിവ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായുള്ള കമ്മിറ്റിക്ക് രൂപം നല്‍കിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ബി പി കനുങ്കോ അറിയിച്ചു. ജൂണില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
വെര്‍ച്വല്‍ കറന്‍സി ഇടപാടുകളില്‍ ആര്‍ബിഐ നിലപാട് കര്‍ശനമാക്കി. ഇത്തരം ഇടപാടുകള്‍ ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബിറ്റ്‌കോയിന്‍ പോലുള്ള വെര്‍ച്വല്‍ കറന്‍സി ഇടപാടുകളിലെ അപകടസാധ്യതകളെപ്പറ്റി വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ കണക്കിലെടുത്ത് വെര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഒരുതരത്തിലും സഹകരിക്കേണ്ടെന്നാണ് ആര്‍ബിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക വിജ്ഞാപനമിറക്കാനും ധാരണയായി.