രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഷാങ്‌ഹായ് ഉച്ചകോടിക്കിടെ ഒരു റഷ്യന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയാകാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ തനിക്കു ലഭിച്ച വലിയ ജനവിധി മോദി ഉപയോഗിക്കണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം വളര്‍ത്തുന്നതിന് ഷാങ്‌ഹായ് ഉച്ചകോടി സഹായകമാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ്. ഏതൊരു തരത്തിലുമുള്ള സമാധാനചര്‍ച്ചയ്‌ക്ക് പാക്കിസ്ഥാന്‍ തയാറാണ്. ഇതുവരെയുണ്ടായ മൂന്നു ചെറിയ യുദ്ധങ്ങള്‍ ഇരുരാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചു. ദാരിദ്ര്യത്തിലേക്കു വരെ തള്ളിയിടുന്ന തരത്തിലാണ് അത് വളര്‍ന്നതെന്നും ഖാന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന പണം ഞങ്ങള്‍ക്ക് ജനക്ഷേമത്തിനായി ഉപയോഗിക്കും. ഇപ്പോള്‍ റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാന്‍. ഞങ്ങളുടെ സൈന്യം ഇതിനകം തന്നെ റഷ്യയുടെ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.