മാഡ്രിഡ്: ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം നേടിയതിനു പിന്നാലെ റയാല്‍ മാഡ്രിഡ് വിടുകയാണെന്ന സൂചനയുമായി സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഗാരേത് ബെയ്‌ലും.
ക്രിസ്‌റ്റ്യാനോ എല്ലാത്തവണയും സീസണിന്റെ അവസാന മത്സരത്തില്‍ ക്ലബ് വിടുകയാണെന്ന പ്രസ്‌താവന നടത്താറുണ്ട്. പക്ഷേ ബെയ്‌ല്‍ ആദ്യമായാണു റയാലില്‍ അതൃപ്‌തനാണെന്നു തുറന്നു പറഞ്ഞത്.
ലോക റെക്കോഡ് തുകയ്‌ക്കു റയാലിലെത്തിയ ബെയ്‌ലിനു മിക്ക മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടി വരുന്നതാണു താല്‍പര്യക്കുറവിനു കാരണം. എല്ലാ മത്സരങ്ങളും കളിക്കുന്നതാണു തനിക്ക് സന്തോഷം നല്‍കുന്നതെന്നു ബെയ്‌ല്‍ വ്യക്‌തമാക്കി. ഏജന്റുമായി കൂടിയാലോചിച്ച ശേഷം ഭാവി തീരുമാനം പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 38 ലീഗ് മത്സരങ്ങളില്‍ ഇരുപത് കളികളിലാണ് ബെയ്‌ല്‍ സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചത്. ചാമ്ബ്യന്‍സ് ലീഗില്‍ മൂന്നു തവണയും. ബെയ്‌ലിന്റെ കാര്യത്തില്‍ കൃത്യമായ ഉറപ്പു നല്‍കാന്‍ കോച്ച് സിനദിന്‍ സിദാനും തയാറല്ല. ചാമ്ബ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണു ക്രിസ്‌റ്റ്യാനോ വെടിപൊട്ടിച്ചത്.
ഇത്ര കാലം റയല്‍ മാഡ്രിഡില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ സൂപ്പര്‍ താരം ഭാവിയെക്കുറിച്ചു വൈകാതെ തീരുമാനിക്കുമെന്നു വ്യക്‌തമാക്കി. പോര്‍ച്ചുഗീസ് താരത്തിന്റെ കരാര്‍ പുതുക്കാനുള്ള ശ്രമമാണിതെന്നാണു ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ക്ലബ് വിടുമെന്ന സൂചന അനവസരത്തിലായെന്നു ക്രിസ്‌റ്റ്യാനോ പിന്നീട് ട്വീറ്റ് ചെയ്‌തു.