കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് തര്‍ക്കം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ വൈദികസമിതി യോഗത്തില്‍ തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും യോഗത്തില്‍ തീരുമാനമായി.നാല്‍പ്പത്തിയൊമ്ബത് വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിഭാഗയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പുറത്തുനിന്ന് ഒരുവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സിറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദികസമിതി യോഗത്തില്‍ സംഘര്‍ഷം. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുകൂലികളും പ്രതിഷേധ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി.
യോഗം നടക്കുന്ന സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തേക്ക് ഒരുവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തിയത്.
ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി ഇടപാട് കേസില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. സോഷ്യല്‍മീഡിയയിലൂടെയും മറ്റും വിഷയം ചര്‍ച്ചയാക്കിയതിനോട് ജോര്‍ജ് ആലഞ്ചേരി വിയോജിപ്പ് രേഖപ്പെടുത്തി.സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സഭയുടെ ആഭ്യന്തര പ്രശ്‌നം പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിഴച്ചത് കുത്സിത താത്പര്യക്കാരാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ക്ലിമ്മിസിനോട് തെറ്റ് ഏറ്റുപറഞ്ഞ കര്‍ദിനാള്‍ ഇന്ന് പൊതുവേദിയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും യോഗം വിലയിരുത്തി.