തിരുവനന്തപുരം: സംസ്ഥാനത്ത് അത്യന്തം കനത്ത മഴയും ചുഴലിക്കാറ്റും പ്രവചിച്ചു കൊണ്ടു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ വ്യാഴാഴ്ച ജില്ലകളില്‍ മാറ്റമുണ്ടായി.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഏഴിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് അതി തീവ്ര മഴയ്ക്കും കാറ്റിനും കാരണമാകുന്നത്. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെയും ജലവിഭവ വകുപ്പിന്റെയും അണക്കെട്ടുകള്‍ ഏതു സമയവും തുറക്കാന്‍ സന്നദ്ധമാക്കിയിട്ടുണ്ട്. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിക്ക് അടുത്താണ് എന്നതിനാല്‍ ഇവ മുന്‍കൂട്ടി തുറന്നു വിടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടും.