ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ പങ്കാളിത്തം സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും വാദപ്രതിവാദം തുടരുന്നതിനിടെ പുതുതായി ഉണ്ടാക്കിയ ഇന്ത്യ- റഷ്യ എസ്-400 മിസൈല്‍ പ്രതിരോധ ഇടപാടിലും റിലയന്‍സിന്റെ പങ്കാളിത്ത വിവരങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പിട്ട മിസൈല്‍ കവചം ഒരുക്കുന്നതിനുള്ള 39000 കോടിയുടെ എസ്-400 ലോംഗ് റേഞ്ച് സര്‍ഫെയ്സ് ടു എയര്‍ മിസൈല്‍ സിസ്റ്റത്തിന്റെ ഓഫ്സെറ്റ് പങ്കാളിയായാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കന്പനി ഭാഗമായിരിക്കുന്നത്.
ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന റഷ്യയിലെ അല്‍മാസ് ആന്റെയുമായി റിലയന്‍സ് ഡിഫന്‍സ് കരാറുണ്ടാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-ല്‍ റഷ്യ സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍മാസ് ആന്റെയുമായി കരാറുണ്ടാക്കിയിരുന്നു. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ സാങ്കേതിക സംവിധാനം ഒരുക്കുന്ന റോസോബോറോണ്‍ എക്സ്പോര്‍ട്ടിന്റെ ഉപകന്പനി മാത്രമാണ് അല്‍മാസ് ആന്റെ. 600 കോടി രൂപയുടെ ഈ കരാറില്‍ മിസൈല്‍ അറ്റകുറ്റപ്പണിക്കും നിര്‍മ്മാണത്തിനും പങ്കാളിത്തത്തിനുമാണ് റിലയന്‍സ് ഡിഫന്‍സ് കരാര്‍ അനുമതി നല്‍കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഇരുകന്പനികളും ചേര്‍ന്നാണ് മിസൈല്‍ നിര്‍മ്മിക്കുക.
ഇതുമായി ബന്ധപ്പെട്ട് 2015ല്‍ റിലയന്‍സ് ഡിഫന്‍സ് ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. ഇന്ത്യക്കു വേണ്ടി മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മിക്കുന്നതിനായി റഷ്യന്‍ കന്പനിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു പത്രക്കുറിപ്പ്. റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്നവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ ഭീഷണി നിലനില്‍ക്കേ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റുമായി കരാറിനു അന്തിമ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
2015 മാര്‍ച്ച് 28-നാണ് റിലയന്‍സ് ഡിഫന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. കന്പനി തുടങ്ങി പത്താം ദിനമാണ് ഏറെ വിവാദമായ റഫാല്‍ ഇടപാടില്‍ പങ്കാളിയത്. അതിനു പിന്നാലെയാണ് അതേ വര്‍ഷം സ്ഥാപനത്തിന് മറ്റൊരു നിര്‍ണായക കരാറിലും പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.