ന്യൂഡല്‍ഹി: നടപ്പു വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂലായ് 31ല്‍ നിന്ന് ആഗസ്‌റ്ര് 31ലേക്ക് സമയപരിധി നീട്ടിയത്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരു കോടി രൂപയില്‍ താഴെ വരുമാനമുള്ള, വരുമാനത്തിന്റെ ഓഡിറ്രിംഗ് ആവശ്യമില്ലാത്ത നികുതിദായകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ശമ്ബളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, കച്ചവടക്കാര്‍, ചെറുകിട കമ്ബനികള്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ട്വിറ്ററിലൂടെയാണ് തീയതി നീട്ടിയ വിവരം അറിയിച്ചത്. കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷം വരെ അന്തിമ തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. പുതുതായി കൊണ്ടുവന്ന സെക്‌ഷന്‍ 234 എഫ് പ്രകാരം ഈവര്‍ഷം മുതല്‍ നിശ്‌ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ മുതല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടി വരും.