• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെ തീവ്രവാദികള്‍ക്ക് ഭയമെന്ന് മലാല യൂസഫ് സായ്

ലണ്ടന്‍: പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെ തീവ്രവാദികള്‍ക്ക് ഭയമാണെന്ന് നൊബേല്‍ സമ്മാനജേതാവും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്.

പാക്കിസ്ഥാനിലെ ഗില്‍ഗിത്-ബലിസ്ഥാനില്‍ 12 സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിക്കവെയാണ് മലാല ഇക്കാര്യം പറഞ്ഞത്. എന്തിനെയാണ് ഏറ്റവുമധികം ഭയക്കുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ചു കഴിഞ്ഞെന്നും പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടിയെയാണെന്നും ഈ സ്‌കൂളുകള്‍ നമ്മള്‍ എത്രയും വേഗം പുനര്‍നിര്‍മ്മിക്കണമെന്നും മലാല വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും വേഗം ക്ലാസ്മുറികളിലേക്ക് തിരികെയെത്താന്‍ കഴിയേണ്ടതാണ്. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.

12 സ്‌കൂളുകളാണ് വ്യാഴാഴ്ച തീവ്രവാദികള്‍ നശിപ്പിച്ചത്. അതിലൊന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളായിരുന്നു. ചിലയിടങ്ങളില്‍ അക്രമികള്‍ പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതു വരെയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ചിലാസ് പ്രവിശ്യയിലാണ് സ്‌കൂളുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

സ്‌കൂളുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ ഡയമര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡയമര്‍ പൊലീസ് കമ്മീഷണര്‍ സയിദ് അബ്ദുള്‍ വഹീദ് ഷാ അറിയിച്ചു.

Top