• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എസ് സി/ എസ് ടി നിയമഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ദില്ലി: പട്ടിക ജാതി പട്ടിക വകുപ്പ് വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമം നടത്തുവര്‍ക്കെതിരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയും അനുമതി വേണ്ടെന്നാണ് പട്ടികജാതി പട്ടിക വകുപ്പ് പീഡന നിരോധന ഭേദഗതിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പരാതിയില്‍ കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം നടത്തേണ്ട ആവശ്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

നിയമഭേദഗതി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റുണ്ടാകുകയൊള്ളുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.

ദളിത് വോട്ടുകള്‍ നിര്‍ണായകമായ പല സംസ്ഥാനങ്ങളിലും ഭേദഗതി നടപ്പിലാക്കുന്നതില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

നിയമഭേദഗതിക്കെതിരെ ഓള്‍ ഇന്ത്യാ ബ്രാഹ്മിണ്‍ മഹാസംഘടനയുള്‍പ്പടെയുള്ള സവര്‍ണ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ദളിത് വോട്ടുകള്‍ മാത്രം ലക്ഷം വെച്ചാണ് സര്‍ക്കാര്‍ ഭേദഗതി നടപ്പിലാക്കിയതെന്നാണ് സവര്‍ണവിഭാഗത്തിന്റെ വിമര്‍ശനം.

പട്ടികജാതി പട്ടിക വകുപ്പ് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദളിത് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിധിയെ മറികടന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്‌ 2015-2016 കാലഘട്ടത്തില്‍ എസ് സി/ എസ് ടി വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 5.5 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ലെ കണക്കനുസരിച്ച്‌ ഉത്തര്‍പ്രദേശിലാണ് ദളിത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top