• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദയനീയ പരാജയം: കോണ്‍ഗ്രസില്‍ കൂട്ടരാജി; മൂന്ന്‌ സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജി വച്ചു

നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കുതിപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഉത്തര്‍പ്രദേശ്‌, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ രാജി സമര്‍പ്പിച്ചു. യുപി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജ്‌ ബബ്ബര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്തയച്ചു.

കോണ്‍ഗ്രസ്‌ കര്‍ണാടക പ്രചാരണ തലവന്‍ എച്ച്‌. കെ. പാട്ടില്‍, ഒഡീഷ സംസ്ഥാന അധ്യക്ഷന്‍ നിരജ്ഞന്‍ പട്‌നായിക്ക്‌ തുടങ്ങിയവരും രാജി വച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അരലക്ഷം വോട്ടിനു തോറ്റ അമേഠിയിലെ ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു. 2014 ലെ തിരഞ്ഞെടുപ്പില്‍ 1,07,903 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ രാഹുല്‍ നേടിയത്‌. ഒരു ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്‌. 2019 ല്‍ സ്‌മൃതി ഇറാനി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ രാഹുലിന്‌ കഴിഞ്ഞില്ല. അടിയന്തരാവസ്ഥാ കാലത്തു സഞ്‌ജയ്‌ ഗാന്ധിയെ അമേഠി കൈവിട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ്‌ രാജ്‌ ബബ്ബറിന്റെ രാജി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജി വെയ്‌ക്കാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഴുവന്‍ സമയ പ്രചാരണത്തിനു യുപിയില്‍ ഇറക്കിയിട്ടും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലി മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ഒപ്പം നിന്നത്‌. ഫത്തേപൂര്‍ സിക്രി മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ്‌ ബബ്ബര്‍ തന്നെ രംഗത്ത്‌ ഇറങ്ങിയിട്ടും ദയനീയമായി തോറ്റു. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത്‌ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന്‌ ബബ്ബര്‍ പറഞ്ഞു.

Top