ബെംഗളൂരു: എന്ത് വില കൊടുത്തും കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമം തുടരുന്നതിനിടെ തങ്ങളുടെ എം.എല്‍.എമാരെ ഗവര്‍ണ്ണര്‍ക്കു മുന്നില്‍ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നീക്കം. എം.എല്‍.എമാരുമായുള്ള ബസ്സ് രാജ്ഭവനുമുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല.
ഇത് പ്രതിഷേധത്തിന് വഴിവെച്ചതോടെ കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും മാത്രം അകത്ത് കടക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. എല്ലാവരെയും രാജ്ഭവനില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ രാജ്ഭവന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.
രാജ്ഭവന് അകത്ത് പ്രവേശിച്ച ജെഡിയു- കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് കര്‍ണാടക ഗവര്‍ണര്‍ വാലുഭായ് വാലക്ക് കൈമാറി. ഭൂരിപക്ഷം തെളിയിക്കാനായി ഏത് പാര്‍ട്ടിയെ ആദ്യം വിളിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ് നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര പറഞ്ഞു.
ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടു പോകുക.