കൊച്ചി > കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുത്തന്‍ പദ്ധതിയായ കേരള ഓണ്‍ വീല്‍സിനു കൊച്ചിയില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംയുക്തമായി രൂപം കൊടുത്ത സംരംഭമാണിത്. കെടിഡിസിക്കു കീഴില്‍ വരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് തടസ്സരഹിതമായി യാത്ര ചെയ്‌ത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ പാക്കേജ് പൂര്‍ത്തിയാക്കുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് കേരളത്തെക്കുറിച്ചുള്ള പ്രതിഛായ വര്‍ദ്ധിക്കുമെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു.
രണ്ടു തരം പാക്കേജുകളാണുള്ളത്. കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം-ആലപ്പുഴ എന്നിവിടങ്ങളാണ് ആദ്യ പാക്കേജിലുള്ളത്. കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം-ആലപ്പുഴ, കോവളം എന്നിവയാണ് രണ്ടാം പാക്കേജിലുള്ളത്. പ്രളയദുരന്തത്തില്‍പ്പെട്ട് തകര്‍ന്നുപോയ വിനോദ സഞ്ചാര മേഖലയെക്കുറിച്ച് പരിതപിക്കുന്നതിനു പകരം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് വേണ്ടതെന്ന് കെടിഡിസി മാനേജിങ‌്ഡ ഡയറക്ടര്‍ ആര്‍ രാഹുല്‍ ആര്‍ പറഞ്ഞു. കേരളത്തിലുടനീളം സഞ്ചരിക്കാവുന്ന തരത്തില്‍ മിതമായനിരക്കിലാണെങ്കിലും ആഡംബര രീതിയിലാണ് പാക്കേജുകള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിങ ഡയറക്ടര്‍ എബ്രഹാം ജോര്‍ജ് പറഞ്ഞു. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണും സംസാരിച്ചു.