മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഇന്ന് ഉച്ചയ്ക്കു ശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാകും മൃതദേഹം കൊണ്ടുവരിക.
ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കാത്തതാണു മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള തുടർ നടപടികൾ സാധ്യമാകാത്തതിനു കാരണം. ഹൃദയാഘാതം പോലുള്ള സാധാരണ രീതിയിലുള്ള മരണമാണെങ്കിൽ ആറ് മണിക്കൂറിനുള്ളിലെങ്കിലും റിപ്പോർട്ട് കിട്ടേണ്ടതാണ്. അൻപത് വയസിൽ കൂടുതൽ പ്രായമുള്ളവരാണെങ്കിൽ ഇതിലും വേഗം സർട്ടിഫിക്കറ്റ് നൽകാറുണ്ട്. ശ്രീദേവിയുടെ മരണത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാനുള്ളതിനാലായിരിക്കാം ഫൊറൻസിക് റിപ്പോർട്ട് ഇന്നലെ ലഭിക്കാത്തതിനു കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഇൗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു മരണ സർട്ടിഫിക്കറ്റ് നൽകേണ്ടത്. തുടർന്ന് പാസ്പ്പോർട്ട് റദ്ദാക്കണം. ശേഷം എംബാമിങ് നടത്തി അനിൽ അംബാനി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതിക ശരീരം കൊണ്ടുപോവുക. ഇതെല്ലാം പൂർത്തിയാകുമ്പോൾ ഇന്ന് ഉച്ച കഴിയും എന്നാണ് സൂചന.