• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇനി അമ്മയില്‍ തുടര്‍ന്നിട്ട് കാര്യമില്ല, നീതികിട്ടുംവരെ 'അവള്‍ക്കൊപ്പം' നില്‍ക്കും; നയം വ്യക്തമാക്കി റിമ

കൊച്ചി> അമ്മയില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് നടി റീമ കല്ലിങ്കല്‍ വ്യക്തമാക്കി. ആ യോഗത്തില്‍ പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എന്നതിനാലാണ് അമ്മയോഗത്തില്‍ വിമന്‍ ഇന്‍ സിനിമ കൂട്ടായ്മയിലെ അംഗങ്ങള്‍ പോകാതിരുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്തുകൊണ്ട് അമ്മയില്‍ പോയി ഈ കാര്യങ്ങള്‍ സംസാരിച്ചില്ല എന്നാണ് പലരും ചോദിക്കുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി 'അമ്മ'യുമായി പലരീതിയിലുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണ്. എന്നാല്‍ അടുത്തയിടെ നടന്ന 'അമ്മ മഴവില്‍' എന്ന പരിപാടിയില്‍ ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് എന്ത് രീതിയിലാണ് ഇവര്‍ പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. (ഡബ്ലിയുസിസി നിലപാടുകളെ അധിക്ഷേപിയ്ക്കുന്ന വിധത്തിലുള്ള ഒരു സ്‌കിറ്റ് അവിടെ അവതരിപ്പിച്ചിരുന്നു). ലോകമെമ്ബാടും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ നടക്കുകയാണ്. അപ്പോഴാണ് ഇവിടെ വലിയൊരു പ്ളാറ്റ്ഫോമില്‍ വെച്ച്‌ സ്ത്രീശാക്തീകരണത്തെ വളരെ മോശപ്പെട്ട രീതിയില്‍ അവതരിപ്പിച്ച്‌ കളിയാക്കിയത്. സംഘടനയുടെ വളരെ മുതിര്‍ന്ന അംഗങ്ങള്‍ ഭാഗമായിട്ടുള്ള സ്‌കിറ്റായിരുന്നു 'അമ്മ മഴവില്‍' പരിപാടിയില്‍ അവതരിപ്പിച്ചത്. 

അത്തരത്തില്‍ ചിന്തിക്കുന്നവരോട് ഇനിയും ഞങ്ങള്‍ ലോജിക്കലായുള്ള ഒരു ചര്‍ച്ചയ്ക്ക് ഇരുന്നുകൊടുക്കണമെന്ന് തോന്നിയില്ല. അമ്മയില്‍ പോയി ഇത്രയും ഗൗരവമായ വിഷയം പറഞ്ഞിട്ട് കാര്യമില്ല എന്ന് ഞങ്ങള്‍ക്ക് അറിയാമിയിരുന്നു. അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. 

'അമ്മ'യുടെ ഭാഗമായി തുടര്‍ന്നും സംസാരിക്കണമോ എന്ന് തീരുമാനിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍. മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, രണ്ട് തവണ ജാമ്യം തള്ളപ്പെട്ട ഒരാള്‍ ഈ സംഘടനയില്‍ നില്‍ക്കുന്നു. ഈ സംഭവത്തിന്റെ ഭാഗമായി അതിജീവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളും ഇതേ സംഘടനയില്‍ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ എന്തിന് സംഘടനയില്‍ തുടരണമെന്ന് 'അമ്മ' ഞങ്ങളെ ബോധ്യപ്പെടുത്താതെ തുടരണ്ട എന്നാണ് കരുതുന്നത്. 


ഡബ്ളുസിസി എന്ന രീതിയിലുള്ള തീരുമാനം പിന്നീട് അറിയിക്കും. എന്നാല്‍ വ്യക്തിപരമായി 'അമ്മ'യില്‍ തുടരാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ തുടരുന്നത്. . യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത് വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. 

'അമ്മ മഴവില്‍' പരിപാടിയില്‍ പങ്കെടുത്ത പാര്‍വതിയും പദ്മപ്രിയയും ഇത്തരത്തിലൊരു സ്‌കിറ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങളെ വിളിച്ചുവരുത്തിയ ഒരു ഈവന്റിലായിരുന്നു അത്തരമൊരു സ്‌കിറ്റ്. 

ഈ വിഷയത്തിലെ നിലപാട് സംബന്ധിച്ച്‌ ലിംഗവ്യത്യാസമില്ല. വിഷയം വളരെ ഗൗരവമായി മനസ്സിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി പുരുഷന്മാരുണ്ട്. എന്നാല്‍ കാര്യങ്ങളൊന്നും മനസ്സിലാക്കാത്ത സ്ത്രീകളുമുണ്ട്. ഊര്‍മിള ഉണ്ണി ഒരു ഉദാഹരണം മാത്രമാണ്. 

ഇതൊരു വ്യക്തിയുടെയോ ഒരു സംഘടനയുടെയോ ഒരു മേഖലയുടെയോ മാത്രം പ്രശ്നമല്ല. ഏറ്റവും ജനാധിപത്യപരമായി ഏറ്റവും സുതാര്യമായി സംസാരിക്കാവുന്ന ഇടമാണ് സോഷ്യല്‍മീഡിയ. 'അമ്മ' എന്നത് ജനാധിപത്യ സംഘടനയാണെന്ന വിശ്വാസമില്ല. 'അമ്മ'യില്‍ ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയുമില്ല. പ്രതീക്ഷയുള്ളത് കേരളത്തിലെ ജനങ്ങളിലാണ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷം ശക്തമായി സംസാരിക്കുന്നവര്‍ ധാരാളമുണ്ട്. 

ഇത്രയും ക്രൂരമായ ഒരു അക്രമം നടന്നിട്ടും വളരെ ശക്തമായി പൊരുതിയ ഇനിയും പൊരുതുമെന്ന് പറയുന്ന ഒരു സ്ത്രീയുടെ കൂടെ ഒരു സമൂഹം നില്‍ക്കുമെന്ന വിശ്വാസം മാത്രമാണുള്ളത്. 

ഞങ്ങള്‍ ചോദിക്കുന്ന ഓരോ കാര്യവും നീതിക്ക് നിരക്കുന്നതാണെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇത്രയും എതിര്‍പ്പുണ്ടായിട്ടും ഇത്രയും ശക്തമായി ഞങ്ങള്‍ നില്‍ക്കുന്നത്. ഒരു തരത്തിലും ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. ആരെയും ദ്രോഹിക്കുന്ന കാര്യങ്ങളല്ല ഞങ്ങള്‍ ചോദിക്കുന്നത്. ദ്രോഹിക്കപ്പെട്ടയാളെ സംരക്ഷിക്കണം നീതിലഭ്യമാക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. 

ഇത്തരം നിലപാടെടുക്കുന്നവരെ ഈ മേഖലയില്‍ നിന്നു തന്നെ ഇല്ലാതാക്കുമെന്ന് പറയുന്നത് പ്രായോഗികമല്ല. സിനിമ എന്നത് കുറച്ചാളുകളുടെ കുത്തകയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇപ്പോള്‍ കാലം ഒരുപാട് മാറി. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് പ്ളാറ്റ്ഫോമുകളുണ്ട്. അതുകൊണ്ട് ഇങ്ങനെയൊക്കെ സംസാരിച്ചാല്‍ ഒതുക്കിക്കളയും എന്നുള്ള പേടിയൊന്നുമില്ല. എന്നാല്‍ അത്തരം ഒറ്റപ്പെടുത്തലുകള്‍ക്കുള്ള ശ്രമം ഉണ്ടാകുമെന്ന് ഉറപ്പാണ്, ഉണ്ടാകുന്നുമുണ്ട്.

ഞങ്ങള്‍ ചെറിയൊരു സംഘമാണെന്ന് കരുതിപ്പോകാനൊന്നും ഇനി പറ്റില്ല. ഇവിടെ വരെയെത്തി. വലിയൊരു ഇടമുണ്ട്. അതുകൊണ്ട് മുന്നോട്ടുതന്നെ പോകും. ആര് എന്ത് പറഞ്ഞാലും എന്ത് ചെയ്താലും പിന്നോട്ടു പോകില്ല. എന്ത് ഭവിഷ്യത്തുകള്‍ വന്നാലും ആ പെണ്‍കുട്ടിക്കൊപ്പം തന്നെയാണ് ഞങ്ങള്‍. 


ഇപ്പോള്‍ ഞങ്ങളെ എതിര്‍ക്കുന്ന ഫാന്‍സുകാരും എല്ലാവരുമുണ്ട്. അവരോടും ഞങ്ങള്‍ക്ക് ഇതേ പറയാനുള്ളൂ. ഏതെങ്കിലും സാഹചര്യത്തില്‍ അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെപ്പോലെയോ സമാനമായതോ ഒരു സാഹചര്യം അവര്‍ക്കുണ്ടായാല്‍ അന്നും ഇവര്‍ ആക്രമിക്കപ്പെട്ടവരോടൊപ്പമായിരിക്കില്ല എന്നാണ്. അവരവര്‍ക്ക് സംഭവിക്കുമ്ബോള്‍ മാത്രമേ കാര്യങ്ങളൊക്കെ മനസ്സിലാകൂ എന്നാണെങ്കില്‍ പിന്നെ പരിഷ്കൃത ജീവിവംശമാണ്‌ നമ്മള്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ആര്‍ക്കും എന്തും തുറന്നുപറയാനുള്ള ഇടമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അക്രമിക്കപ്പെട്ട ലൈംഗികാതിക്രമത്തെ അതിജീവിച്ച നടിയുടെ നിലപാട് അല്‍പ്പദിവസത്തിനകം പറയുമെന്നും റീമ വ്യക്തമാക്കി.

Top