ബ്രിസ്ബേന്‍: പുരുഷ ടെന്നീസില്‍ ലോക ഒന്നാം നന്പര് പദവി വീണ്ടെടുത്ത സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡററിന് ഇരട്ടിമധുരം. സ്റ്റുഡ്ഗാര്ട്ട് ഓപ്പണ്‍ കിരീടം ഫെഡറര്‍ സ്വന്തമാക്കി. മിലോസ് റോനിക്കിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കരിയറിലെ 98-ാം ടൂര്‍ ലെവല്‍ കിരീടം നേടിയത്. സ്കോര്‍: 6-4, 7-6(3).
സ്റ്റുഡ്ഗാര്ട്ട് ഓപ്പണ്‍ ഫൈനലില്‍ കടന്നതോടെ ഫെഡെക്സ് റാഫെല്‍ നദാലിനെ പിന്നിലാക്കി ഒന്നാം റാങ്ക് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍, 310 ആഴ്ച ഒന്നാം റാങ്ക് അലങ്കരിച്ചനേട്ടത്തിന്റെ തുടര്‍ച്ചയിലേക്കു പോകാന്‍ ഫെഡറര്‍ക്കു കഴിയും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നദാലിനെ മറികടന്ന് ഫെഡറര്‍ ഒന്നാം റാങ്കിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റുഡ്ഗാര്ട്ട് ഓപ്പണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടശേഷം പുല്‍കോര്‍ട്ടില്‍ തുടര്‍ച്ചയായ 16 മത്സരങ്ങളില്‍ ഫെഡറര്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകള്‍ക്കുശേഷം നടന്ന ഫ്രഞ്ച് ഓപ്പണില്‍ ഫെഡറര്‍ മത്സരിച്ചിരുന്നില്ല. 11 ആഴ്ചത്തെ വിശ്രമത്തിനുശേഷമാണ് അദ്ദേഹം സ്റ്റുഡ്ഗാര്‍ട്ടില്‍ കളിക്കാനെത്തിയത്.