കാത്ത് കാത്തിരുന്ന ഹാരി-മേഗന്‍ പരിണയം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.യുകെയും അതിലുപരി ലോകമെമ്ബാടും അതിന്റെ ആഘോഷങ്ങളുടെ അലയൊലികള്‍ കടന്നെത്തിയിരുന്നു. ഈ രാജകീയ വിവാഹത്തിന്റെ ഓരോ ചെറിയ വിശേഷങ്ങളും അത്യധികമായ പ്രാധാന്യം നല്‍കിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടെ ഹാരിയും മേഗനും ഇപ്പോഴും വളര്‍ന്ന് കൊണ്ടിരിക്കുന്ന വല്ലാത്ത പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി അവരുടെ കല്യാണ ആല്‍ബം ഡിസൈന്‍ ചെയ്തിരിക്കുന്ന ഫോട്ടോഗ്രാഫറുടെ അപൂര്‍വ വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്.
വിവാഹത്തിനായി ചാപ്പലിലേക്കുള്ള യാത്രക്കിടെ 14 വര്‍ഷം മുമ്ബ് കണ്ട ആഫ്രിക്കന്‍ അനാഥന് നേരെ ഹാരി കൈ ഉയര്‍ത്തി വാര്‍ത്തയ്ക്കും വന്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മേഗന്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മേഗന്റെ സഹോദരി മുമ്ബോട്ട് വന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഇത്തരത്തില്‍ ഹാരി-മേഗന്‍ കല്യാണത്തിന്റെ വിശേഷങ്ങള്‍ അനന്തമായി നീളുകയാണ്.
ഹാരിയും മേഗനും വല്ലാത്ത പ്രണയത്തിലാണ്
ഹാരിയുടെയും മേഗന്റെയും വിവാഹ നിമിഷങ്ങള്‍ പകര്‍ത്താന്‍ സാധിച്ചത് തന്റെ അപൂര്‍വ ഭാഗ്യമാണെന്നാണ് ഒഫീഷ്യല്‍ റോയല്‍ വെഡിങ് ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തിയ മറിയോ ടെസ്റ്റിനോ വെളിപ്പെടുത്തുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഹാരിയുടെയും മേഗന്റെയും പ്രണയം വളര്‍ന്ന് കൊണ്ടിരിക്കുന്നത് തനിക്ക് ഈ വേളയില്‍ മനസിലാക്കാന്‍ സാധിച്ചുവെന്നും മറിയോ വെളിപ്പെടുത്തുന്നു.
ഇരുവരും ചേര്‍ന്ന് അടുത്തിടപഴകിയുള്ള ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മറിയോ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.വിന്‍ഡ്സര്‍ കാസിലിലെ ഈസ്റ്റ് ടെറസില്‍ വച്ച് ഹാരിയും മേഗനും കടുത്ത പ്രണയം വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ചില സ്നാപ്സുകള്‍ക്ക് പോസ് ചെയ്തിരുന്നത്. ഇന്നലെയാണ് ഈ ഔദ്യോഗിക ഫോട്ടോകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
14 വര്‍ഷം മുമ്ബ് കണ്ട ആഫ്രിക്കന്‍ അനാഥനെ മറക്കാതെ തിരിച്ചറിഞ്ഞ ഹാരി
ചാരിറ്റി മിഷന്റെ ഭാഗമായി ആഫ്രിക്കയില്‍ വച്ച് 14 വര്‍ഷം മുമ്ബ് കണ്ട് പരിചയപ്പെട്ട മുട്സു പോട്സാനെ എന്ന അനാഥനെ ഹാരി തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് മുട്സു ലണ്ടനിലെത്തുകയും ചെയ്തിരുന്നു. വിന്‍ഡ്സര്‍ കാസിലിലേക്ക് വിവാഹത്തിനായി നടന്ന് നീങ്ങിയിരുന്ന ഹാരിക്ക് നേരെ മുട്സു ആവേശത്തോടെ കൈ വീശിയപ്പോള്‍ ഹാരി അവനെ തിരിച്ചറിയുകയും കൈ വീശിക്കാണിക്കുകയും ചെയ്തത് ക്യാമറകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
തന്റെ നാലാം വയസിലായിരുന്നു മുട്സു ആഫ്രിക്കയില്‍ വച്ച് ഹാരിയെ കണ്ടിരുന്നത്. തുടര്‍ന്ന് ഹാരി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുട്സുവുമായി ഇത്രയും കാലം ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഹാരിയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷണം ലഭിച്ച അനേകം പ്രതിനിധികളിലൊരാളാണ് 18കാരനായ മുട്സു.
കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മേഗന്‍ മുന്‍കൈ എടുക്കണമെന്ന് സഹോദരി
ഹാരിയും മേഗനും തമ്മിലുള്ള വിവാഹം നിശ്ചയിച്ച സമയം മുതല്‍ മേഗനെ വിമര്‍ശിച്ച് അവരുടെ സഹോദരനും സഹോദരിയും അടക്കമുള്ള അടുത്ത കുടുംബക്കാര്‍ രംഗത്തെത്തിയിരുന്നു. മേഗന്‍ തങ്ങളെ ആരെയും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും വന്ന വഴികള്‍ മറന്നയാളാണെന്നുമായിരുന്നു അവര്‍ ഉന്നയിച്ച പൊതുവെയുള്ള ആരോപണം. തല്‍ഫലമായി മേഗന്റെ അമ്മ ഡോറിയ ഒഴിച്ചുള്ള ബന്ധുക്കളൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നുമില്ല.
എന്നാല്‍ കഴിഞ്ഞതൊക്കെ കഴിഞ്ഞുവെന്നും കുടുംബത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ മേഗന്‍ തന്നെ മുന്‍കൈയെടുക്കണമെന്ന നിര്‍ദേശവുമായി മേഗന്റെ സഹോദരി സാമന്ത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പിതാവ് തോമസ് മാര്‍കിളിനെ ബ്രിട്ടനിലെത്തിക്കാന്‍ മേഗന്‍ മുന്‍കൈയെടുക്കണമെന്നും അതിലൂടെ ബക്കിങ്ഹാം പാലസ് കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമെന്നും സാമന്ത നിര്‍ദേശിക്കുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നതിനാല്‍ തോമസ് വിവാഹത്തിന് വന്നിരുന്നില്ല.