കൊച്ചി•ജനം ടി.വിയുടെ ഇടപ്പള്ളിയിലെ ഓഫീസിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണം. കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള അഴകിയ കാവ് ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയുടെ പേരിലാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ആക്രമണം നടത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓഫീസിലെ മേശ, കസേര, ടിവി മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവ അടിച്ചുതകര്‍ത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെതിരെയും അതിക്രമമുണ്ടായി. റിപ്പോര്‍ട്ടര്‍ ശ്രീകാന്തിന്റെ കൈ സംഘം പിടിച്ചു തിരിച്ചു. ശ്രീകാന്തിന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം വൈകുന്നുവെന്ന വാര്‍ത്തയാണ് ഭാരവാഹികളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ശ്രീകോവില്‍ ഉള്‍പ്പെടെയുള്ള ഭാഗമങ്ങള്‍ മോടി പിടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ചെമ്ബോല പൊതിയുന്നതിനായുള്ള ജോലികള്‍ നടന്നു വരികയായിരുന്നു. മഴക്കാലമായതിനാല്‍ മഴവെള്ളം അകത്ത് കയറാതിരിക്കാന്‍ വേണ്ടി താര്‍പായ മുകളില്‍ മറച്ചായിരുന്നു പണി എടുത്തിരുന്നത്. എന്നാല്‍ കാറ്റില്‍ താര്‍പായ പാറിപ്പോയതിന്റെ ഭാഗമായി മഴവെള്ളം ഉള്ളില്‍ എത്തിയിരുന്നു. ക്ഷേത്ര നിര്‍മാണത്തില്‍ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാട്ടി ഈ ദൃശ്യങ്ങള്‍ സഹിതമാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്. ക്ഷേത്രം ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയത് ആരെന്ന് ചോദിച്ചായിരുന്നു ആക്രമണം.
2012 ലാണ് ക്ഷേത്രം പുനരുദ്ധാരണത്തിനെന്ന്‍ പറഞ്ഞ് പൊളിച്ചത്. ആറ് വര്‍ഷത്തോളമായി പണിതീരാത്ത അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് ഭാരവാഹികളെ ചൊടിപ്പിച്ചത്.
വഴിപാടുകള്‍, പൂജകള്‍, അന്നദാനം എന്നിവയിലും ദേവസ്വം ബോര്‍ഡ് വെട്ടിക്കുന്നത് ലക്ഷങ്ങളാണ്.വെള്ളിയാഴ്ച തോറും ക്ഷേത്രത്തില്‍ നടത്തുന്ന അന്നദാനത്തിന് 6000ത്തിനടുത്ത് രൂപ ഈടാക്കിയിട്ടും വാങ്ങുന്ന അരി 2 രൂപയുടെ തമിഴ്‌നാട് സബ്സിഡി അരിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഉദയന്‍, ഷൈന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇരുവരും സംഘപരിവാര്‍ പശ്ചാത്തലം ഉള്ളവരാണ്. ഷൈന്‍ ബി ഡി ജെ എസ് പ്രാദേശിക നേതാവുമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചിട്ടുണ്ട്.