ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതുപോലെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് രാഷ്ട്രീയ സ്വയം സേവകസംഘം.' രാമക്ഷേത്രം ദേശീയ അഭിമാനത്തിന്റെയും അന്തസിന്റെയും വിഷയമാണ്. സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതിന് സമാനമായി, കേന്ദ്രസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി കൈമാറണം. ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം', ആര്‍എസ്‌എസ് സര്‍കാര്യവാഹ് മന്മോഹന്‍ വൈദ്യ പറഞ്ഞു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോമനാഥ് ക്ഷേത്ര വിഷയം എടുത്തിട്ടു. 'സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയില്ലായിരുന്നെങ്കില്‍ ശിവഭക്തര്‍ക്ക് സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വിസ വേണ്ടി വരുമായിരുന്നു', മോദി പറഞ്ഞു. ശിവഭക്തനായ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയായി മോദിയുടെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാഹുല്‍ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴും മോദി നെഹ്‌റുവിനെ ലാക്കാക്കി അമ്ബുകള്‍ എയ്തിരുന്നു.പട്ടേല്‍ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണദൗത്യം ഏറ്റെടുത്തപ്പോള്‍ നെഹ്‌റു അസന്തുഷ്ടനായിരുന്നു, മോദി രാഹുലിനെ ഓര്‍മിപ്പിച്ചു.
ആധുനിക മതേതര രാഷ്ട്രത്തില്‍ സര്‍ക്കാര്‍ ക്ഷേത്രനിര്‍മ്മാണത്തില്‍ ഇടപെടുന്നതിനെ ചൊല്ലി നെഹ്‌റു പട്ടേലിനെ എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നുള്ള വാദത്തില്‍ കഴമ്ബുണ്ട്. അതേസമയം, സോമനാഥ ക്ഷേത്രത്തെയും, അയോധ്യയെയും 1990 ലെ രഥയാത്ര മുതല്‍ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ബിജെപിയും വിഎച്ച്‌പിയും ശ്രദ്ധ പുലര്‍ത്തിയിരുന്നു. രഥയാത്ര ആരംഭിച്ചപ്പോള്‍, സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തെയും രാമജന്മഭൂമിയുടെ വീണ്ടെടുക്കലിനെയും ബന്ധപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നിരുന്നു. ഏതായാലും കോണ്‍ഗ്രസിനെയും നെഹ്‌റുവിന്റെ നിലപാടുകളെയും തള്ളിപ്പറയാനുള്ള ഒരവസരവും കളയാന്‍ ബിജെപിയും ആര്‍എസ്‌എസും ഒരുക്കമല്ല എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെയും, മന്മോഹന്‍ വൈദ്യയുടെയും സോമനാഥ ക്ഷേത്ര പരാമര്‍ശങ്ങള്‍. പട്ടേലിനെ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം നെഹ്‌റുവിനെ പരോക്ഷമായി ഇകഴ്‌ത്തി കാട്ടാനും ശമങ്ങള്‍ തുടരുകയാണ്.
അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം എന്ന ആവശ്യത്തില്‍ ഇനി കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് സംഘപരിവാര്‍ നല്‍കുന്നത്. രാമജന്മഭൂമി -ബാബറി മസ്ജിദ് തര്‍ക്കക്കേസ് ചൊവ്വാഴ്ച സുപ്രീംകോടതി മാറ്റി വച്ചപ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപായപപെട്ടത് നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്നാണ്. ഏറ്റവും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആദിത്യനാഥ് ആവശ്യപ്പെടുന്നത്. കേന്ദ്രം നിയമം കൊണ്ടുവരണമെന്ന ആവശ്യം നിറവേറ്റാന്‍ മറ്റുപല മാര്‍ഗ്ഗങ്ങളുമുണ്ടെന്നും, അതില്‍ ഏറ്റവും മികച്ച നടപടി എടുക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഭിപ്രായ സമന്വയം ഉണ്ടാവുകയാണ് ഏറ്റവും നല്ലത്. ഭൂരിപക്ഷ സമുദായവും, സമാധാനവും, ഐക്യവും പുലരണമെന്ന് ആഗ്രഹിക്കുന്നവരും പ്രശ്‌നത്തിന് അടിയന്തര പരിഹാരമാണ് തേടുന്നത്, ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം അത്യാവശ്യമാണെന്നും ഇത് സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് നേരത്തെ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് നാഗ്പൂരില്‍ ആവശ്യപ്പെട്ടിരുന്നു.
രാമക്ഷേത്രം വേണമെന്നാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം. ഇത് സംഘടന മനസ്സിലാക്കുന്നു. ഒരുമയുടെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ക്ഷേത്രനിര്‍മ്മാണം കൊണ്ട് സാധിക്കുമെന്നും ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി ചില മൗലികവാദികള്‍ സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം എത്രവേഗം സാധിക്കുമോ അത്രയും വേഗം വേണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞ ഭാവി ഭാരതം എന്ന വിഷയത്തില്‍, സെപ്റ്റംബറില്‍ നടത്തിയ പ്രഭാഷണ പരമ്ബരയ്ക്കിടെ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ഹിന്ദു-മുസ്ലിം തര്‍ക്കം എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഉതകുമെങ്കില്‍ അത് എത്രയും വേഗം നടത്തുകയല്ലേ നല്ലത്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മുന്നോട്ടുള്ള ഗതി എങ്ങനെയാവണമെന്ന് അതിന് നിയുക്തമായ ഉന്നതധികാര സമിതിയാണ് നിശ്ചയിക്കുന്നത്. അതില്‍ അഭിപ്രായം ചോദിച്ചാല്‍ പറയാം. ക്ഷേത്ര നിര്‍മ്മാണത്തിന് നിയമം നിര്‍മ്മിക്കണമോ ധാരണയുണ്ടാക്കണമോ തുടങ്ങിയ കാര്യങ്ങള്‍ നില്‍ക്കട്ടെ. ശ്രീരാമന്‍ രാജ്യത്തെ വലിയ ജനാവലിക്ക് ദൈവമാണ്. അതിനേക്കാള്‍ ഏറെ ആളുകള്‍ക്ക് മര്യാദാ പുരുഷനാണ്. അങ്ങനെ രാജ്യത്തെ വലിയ ഒരു വിഭാഗം ശ്രീരാമനെ മാനിക്കുന്നു. രാമന്‍ ജനിച്ചത് അയോധ്യയിലാണ്. അവിടെ മുമ്ബ് രാമക്ഷേത്രം ഉണ്ടായിരുന്നു. അവിടെ ക്ഷേത്രം ആവശ്യമാണ്. ദേശത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനും നല്ലതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം വന്നില്ലായിരുന്നെങ്കില്‍ ഇതിനു മുമ്ബേ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞേനെ, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.