മുബൈ:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. തുടര്‍ന്ന് 71 നിലവാരത്തിലെത്തുകയും ചെയ്തു. വ്യാഴാഴ്ച 70.74 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തു വിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 5.6 ശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതു കാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. രൂപ തകരുന്നത് മൂലം സ്വര്‍ണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വര്‍ധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് വിദ്ഗദ്ധര്‍ വ്യക്തമാക്കുന്നു.
വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം കനത്ത തിരിച്ചടി നേരിട്ട കറന്‍സിയാണു രൂപ. ഈ വര്‍ഷം മൂല്യത്തില്‍ 10 ശതമാനം ഇടിവാണ് ഉണ്ടായത്. കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തുന്ന ആശങ്കയാണു രൂപയ്ക്കു തിരിച്ചടി നല്‍കുന്നത്. നാണ്യപ്പെരുപ്പം ഉയരാനും സാധ്യതയുണ്ട്.
രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കയറ്റം ഇറക്കുമതിച്ചെലവും, കുത്തനെ ഉയര്‍ത്തും. നടപ്പു സാമ്ബത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനത്തില്‍ എത്തുമെന്നാണു കണക്കാക്കുന്നത്. എന്നാല്‍ എണ്ണവില വീണ്ടും കുതിച്ചുകയറി ബാരലിനു 80 ഡോളര്‍ പിന്നിട്ടാല്‍ സിഎഡി 3.5% കടന്നേക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതും, വിദേശ നാണ്യ കരുതല്‍ ശേഖരം 40084.7 കോടി ഡോളര്‍ എന്ന സുരക്ഷിത നിലവാരത്തില്‍ തുടരുന്നതും ആശ്വാസം പകരുന്ന ഘടകങ്ങളാണ്.