റെക്കോഡ‌് തകര്‍ച്ചയ‌്ക്കുശേഷം നില നേരിയതോതില്‍ മെച്ചപ്പെടുത്തിയ രൂപയുടെ വിലയിടിവ‌് തുടരുമെന്ന‌് സാമ്ബത്തികവിദഗ‌്ധര്‍. വ്യാഴാഴ‌്ച 69.09 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക‌് താഴ‌്ന്നതിനു ശേഷമാണ‌് വെള്ളിയാഴ‌്ച നിരക്ക‌് അല്‍പ്പം ഉയര്‍ന്നത‌്. വ്യാഴാഴ‌്ച വിനിമയം അവസാനിച്ചപ്പോള്‍ 68.79 എന്ന നിലയിലേക്ക‌് നിരക്ക‌് മെച്ചപ്പെടുത്തിയിരുന്നു. വെള്ളിയാഴ‌്ച 15 പൈസ നേട്ടത്തില്‍ 68.64 എന്ന നിരക്കിലാണ‌് രൂപ അവസാനിച്ചത‌്.
രണ്ടു കാരണങ്ങളാണ‌് മൂല്യശോഷണത്തിനു പിന്നില്‍. പെട്രോളിയം വിലവര്‍ധനയും പണപ്പെരുപ്പവും ഉടനെ വരുതിയിലാകാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലത്തകര്‍ച്ച തുടരാനാണ‌് സാധ്യതയെന്ന‌് സാമ്ബത്തികവിദഗ‌്ധര്‍ പറയുന്നു. രൂപയുടെ മൂല്യമിടിയുന്ന സാഹചര്യത്തില്‍ എണ്ണ ഇറക്കുമതിക്കായി രാജ്യം വന്‍തുക നല്‍കേണ്ടിവരും. മറ്റൊരു കാരണം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്പിലെയും ജപ്പാനിലെയും കേന്ദ്രബാങ്കുകളും പലിശനിരക്കുവര്‍ധനയ‌്ക്ക‌് പച്ചക്കൊടി കാട്ടിയതാണ‌്. ഇതോടെ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിരുന്ന വിദേശനിക്ഷപക സ്ഥാപനങ്ങള്‍ ഈ ആഴ‌്ചയില്‍ 1223 കോടി രൂപയുടെ ഓഹരിവില്‍പ്പന നടത്തി. ഇന്ത്യയില്‍നിന്ന‌് ഇവര്‍ വന്‍തോതില്‍ നിക്ഷപം പിന്‍വലിക്കുന്നത‌് രൂപയ‌്ക്കു വീണ്ടും ആഘാതമാകുമെന്ന‌് ധനകാര്യവിദഗ‌്ധനായ വി കെ പ്രസാദ‌് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നവില നിയന്ത്രിച്ചില്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും കൂപ്പുകുത്തുമെന്ന‌് അദ്ദഹം കൂട്ടിച്ചേര്‍ത്തു.