സ്‌പുട്‌നിക് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ. വിദഗ്‌ധസമിതി ശുപാര്‍ശ ഡിസിജിഐയ്‌ക്ക് കൈമാറി. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് സ്‌പുട്‌നിക് വാക്‌സീന്‍ നിര്‍മ്മിക്കുന്നത്. കേസുകള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സീനുകള്‍ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രനീക്കം.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,68,912 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിനെ മറികടന്ന് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. സുപ്രീംകോടതിയിലെ പകുതി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേസുകളില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തി.
രാജ്യത്ത് കോവിഡ് കേസുകള്‍ പിടിതരാതെ കുതിക്കുകയാണ്. ഒരാഴ്‌ചക്കിടെ 8 ലക്ഷത്തിലധികം കേസുകളും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. ചികില്‍സയിലുള്ളവരുടെ എണ്ണം 12 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് മാസങ്ങള്‍ക്ക് ശേഷം 90 ശതമാനത്തില്‍ താഴെയെത്തി. സുപ്രീംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഔദ്യോഗിക വസതികളില്‍ ഇരുന്നാണ് ജഡ്‌ജിമാര്‍ കേസുകളില്‍ വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയും പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി.