• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആണവ അന്തര്‍വാഹിനി റഷ്യയില്‍നിന്ന്‌ ഇന്ത്യ പാട്ടത്തിനെടുക്കുന്നു

റഷ്യയില്‍നിന്ന്‌ ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറാണ്‌ ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നത്‌. റഷ്യയില്‍നിന്ന്‌ അകുല ക്ലാസ്‌ ആണവ അന്തര്‍വാഹിനിയാണ്‌ ഇന്ത്യ പാട്ടത്തിനെടുക്കുക. നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയതിന്‌ ശേഷം ചക്ര 3 എന്ന്‌ പുനര്‍നാമകരണം നടത്തി ഇത്‌ സേനയുടെ ഭാഗമാക്കും.
10 വര്‍ഷത്തേക്കാണ്‌ അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നതെന്നാണ്‌ സൂചന. നിലവില്‍ റഷ്യയില്‍ നിന്ന്‌ പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ അന്തര്‍വാഹിനിക്ക്‌ പകരമായാണ്‌ ചക്ര 3 എത്തുക. 2022 ല്‍ ചക്ര2 ന്റെ പാട്ടക്കാലാവധി അവസാനിക്കും. ഇത്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ നീട്ടിയേകക്കുമെന്നും സൂചനയുണ്ട്‌. ചക്ര3 സാങ്കേതിക പരീക്ഷണങ്ങളും മറ്റും നടത്തി പൂര്‍ണമായും സേനയുടെ ഭാഗമാകുന്നതിന്‌ സമയമെടുക്കുമെന്നതിനാലാണ്‌.
550 കോടി ഡോളറിന്റെ എസ്‌400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന്‌ ശേഷം റഷ്യയ്‌ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ്‌ ഇത്‌. മാര്‍ച്ച്‌ ഏഴിന്‌ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെയ്‌ക്കും. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായാണ്‌ അന്തര്‍വാഹിന്‌ പാട്ടത്തിനെടുക്കുന്നത്‌. 2025 ന്‌ ഇത്‌ ഇന്ത്യയ്‌ക്ക്‌ കൈമാറും.
മറ്റ്‌ അന്തര്‍വാഹിനികളില്‍ നിന്ന്‌ വ്യത്യസ്‌തമായി ആണവോര്‍ജത്താലാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. മാസങ്ങളോളം കടലിന്നടിയില്‍ ഒളിഞ്ഞിരിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയ്‌ക്ക്‌ നിര്‍ണായക മേല്‍കൈയാണ്‌ ആണവ അന്തര്‍വാഹിനികള്‍ നല്‍കുന്നത്‌.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അരിഹന്ത്‌ ആണവ അന്തര്‍വാഹിന്‌ സേനയുടെ ഭാഗമാണ്‌. ഒരെണ്ണം നിര്‍മാണ ഘട്ടത്തിലുമാണ്‌. രണ്ടെണ്ണം കൂടി നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്‌. ഇവ പൂര്‍ത്തിയാകുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ പാട്ടത്തിനെടുക്കുന്നത്‌ ഇന്ത്യ നിര്‍ത്തിയേക്കും. 
 

Top