തിരുവനന്തപുരം: ( 05.11.2018) ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച പരിപാടിയില്‍ സംസാരിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. പ്രസംഗത്തിനിടെ ജനസേവനത്തിനുള്ള സുവര്‍ണ അവസരമെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇപ്പോള്‍ വാര്‍ത്തയാക്കിയതിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷനാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ആ ഫ്രാക്ഷന്‍ അപകടകരമാണെന്നും ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡെല്‍ഹി എ.കെ.ജി സെന്ററില്‍ വച്ച് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് വരുത്തി തീര്‍ത്തത് സി.പി.എമ്മുകാരായ 12 മാധ്യമ പ്രവര്‍ത്തകരാണ്. ബി.ജെ.പിക്കെതിരെ മാധ്യമങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്.
തന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. എന്നാല്‍ അതിനെ ഇപ്പോള്‍ വാര്‍ത്തയാക്കുന്നതിന് പിന്നില്‍ ദുരുദേശ്യമാണ്. പുതിയ സംഭവമെന്ന രീതിയില്‍ മാധ്യമങ്ങള്‍ അത് കാണിക്കുന്നത് നാണക്കേടാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനം നടത്തിയാണ് അദ്ദേഹം തന്റെ പ്രസംഗത്തെ വ്യാഖ്യാനിച്ചത്.