ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) നിര്‍വഹിക്കും. പദ്ധതിയുടെ അന്തിമ രൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയും അംഗീകരിച്ചു.
21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക. തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ മേല്‍പ്പാലം. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെയാണ് ഇതിലൂടെ കടത്തിവിടുക.
പരിസ്ഥിതി സൗഹൃദമായാണ് പാലം രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിര്‍മിക്കുന്ന പാലം ആനത്താരക്ക് തടസ്സാമാകാത്ത രീതിയിലാണ് സജ്ജമാക്കുന്നത്.