നൂറുകണക്കിനു സ്വാമിമാരുടെ കണ്‌ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണംവിളികള്‍ ശബരിമലയെ ഭക്തിസാന്ദ്രമാക്കി. 10 ദിവസത്തെ ഉത്സവത്തിനാണ് ശബരീശ സന്നിധിയില്‍ കൊടിയേറിയത്.
ഉഷഃപൂജയ്‌ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങി. കിഴക്കേ മണ്ഡപത്തില്‍ കൊടിക്കൂറ പൂജിച്ചു. പിന്നീട് ശ്രീകോവിലില്‍ ആഘോഷമായി എത്തിച്ച് ദേവചൈതന്യം നിറച്ചു. വാദ്യമേളങ്ങളോടെ കൊടിമര ചുവട്ടില്‍ എത്തിച്ചു. പൂജകള്‍ക്കു ശേഷം തന്ത്രി കണ്‌ഠര് രാജീവര് കൊടിയേറ്റി. മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.
ഉച്ചയ്‌ക്ക് ബിംബശുദ്ധിക്രിയകള്‍ നടന്നു. ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്‌തു. വൈകിട്ട് ശ്രീഭൂതബലി നടന്നു. 13 മുതല്‍ 20 വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ട്.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് 12ന് ഉത്സവബലി തുടങ്ങും. ഇതു കണ്ടുതൊഴാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കും. പ്രധാന ചടങ്ങായ പള്ളിവേട്ട 20ന് രാത്രിയില്‍ നടക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11നാണ് പമ്പയില്‍ ആറാട്ട് നടക്കുക.