തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ നാമജപ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയതിന് റിമാന്‍ഡിലായ 69 പേരെ ഇവിടേയാണ് കൊണ്ടുവന്നത്. ഇതിന് മുന്നോടിയായാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിനു പിന്നാലെ ജയില്‍ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയത്. നടപ്പന്തലില്‍ ശരണംവിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുള്ള പൊലീസ് വാദം അംഗീകരിച്ച് കോടതി പ്രതിഷേധക്കാര്‍ക്ക് ജാമ്യം നിഷേധിച്ചു.
21ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിലായ 70 പേരില്‍ 18 വയസില്‍ താഴെയുള്ള ഒരാളെ ക്യാംപില്‍ എത്തിച്ച ശേഷം ഒഴിവാക്കിയിരുന്നു. ആര്‍എസ്‌എസ് എറണാകുളം ജില്ലാ ഭാരവാഹിയായ ആര്‍ രാജേഷായിരുന്നു സന്നിധാനത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
അറസ്റ്റിലായവരെ എത്തിച്ചതിന് പിന്നാലെ മണിയാര്‍ ക്യാംപിന് പുറത്ത് തുടങ്ങിയ നാമജപ യജ്ഞം ഇവരെ കോടതിയില്‍ ഹാജരാക്കുന്നത് വരെ നീണ്ടു. പത്തനംതിട്ട മുന്‍സിഫ് കോടതിക്ക് പുറത്തും നാമജപ പ്രതിഷേധം അരങ്ങേറി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായവരെ കാണാന്‍ കോടതിയിലെത്തി. സന്നിധാനത്തെ അറസ്റ്റിന് പിന്നാലെ ആദ്യം നാമജപയജ്ഞം തുടങ്ങിയത് ക്ലിഫ് ഹൗസിന് മുന്നില്‍ പുലര്‍ച്ച ഒരുമണിക്കാണ്. പൊലീസിനെതിരായ പ്രതിഷേധം എന്ന നിലക്ക് വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലേക്ക് പെട്ടെന്ന് സമരം വ്യാപിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനു മുന്നിലെ സമരം നയിച്ചത് ബിജെപി ജനറല്‍ സെക്രട്ടരി ശോഭാ സുരേന്ദ്രന്‍.
പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, തൊടുപുഴ ശൂരനാട് കണ്ണൂര്‍ ടൗണ്‍, തലശ്ശേരി, എറണാകുളം കാലടി തുടങ്ങിയ സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധമുണ്ടായി. അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിലും കുറ്റിപ്പുറത്തും താമരശ്ശേരിയിലും കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് മുഖ്യമന്ത്രിയെ രാവിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. കോഴിക്കോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം.
അതേസമയം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് പൊലീസ് വിശദീകരിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്ത് കര്‍ശന നിയന്ത്രണങ്ങളാണെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്.
നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള എല്ലാ ഭക്തര്‍ക്കും അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ടെന്നും പൊലീസ് പറയുന്നു.