• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതിയാണ് ശബരിമലയിലെ അക്രമങ്ങള്‍; അമിത് ഷായുടെ പ്രസ്താവന ഫെഡറല്‍ തത്വത്തിന് നിരക്കാത്തത്: സിപിഐ എം

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത്ഷായുടെ പ്രസ്താവന ഫെഡറല്‍ തത്വത്തിന് നിരക്കാത്തതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘപരിവാര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ കാഴ്ചപ്പാടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്ന സര്‍ക്കാരുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവര്‍ മുന്നോട്ടു വെയ്ക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ ദൃഷ്ടാന്തവുമാണ്. 

സുപ്രീംകോടതി ശബരിമലയിലെ സ്ത്രീപ്രവേശനം പോലുള്ള വിധികള്‍ പുറപ്പെടുവിക്കരുത് എന്നാണ് അമിത്ഷാ പറഞ്ഞിരിക്കുന്നത്. ഇത് കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണി സുപ്രീംകോടതിയേക്കാള്‍ മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന് പ്രഖ്യാപനത്തിന്റെ ഭാഗവുമാണ്. 

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്കും വര്‍ഗ്ഗീയവത്ക്കരണ സമീപനത്തിനും ബദലുയര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓഖി, നിപ്പ പ്രളയക്കെടുതികള്‍ ഉയര്‍ത്തിയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയാതീതമായ അംഗീകാരമാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനം രാജ്യത്താകമാനം വലിയ ജനപിന്തുണ നേടിക്കഴിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കി തങ്ങള്‍ക്കെതിരെ വരുന്ന പ്രതിരോധങ്ങളെ ദുര്‍ബലമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതി പ്രായോഗികമാക്കുന്നതിനുള്ള ശ്രമമാണ് ശബരിമലയുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും ഇതിലൂടെ വ്യക്തമാവുകയാണ്. വിശ്വാസികളുടെ പേര് പറഞ്ഞ് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പി.യുടെ നീക്കങ്ങളെ കേരള ജനത തിരിച്ചറിയേണ്ടതുണ്ട്.

അമിത്ഷായുടെ പ്രസ്താവനയെ സംബന്ധിച്ച്‌ യുഡിഎഫ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കണം.ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ വിധി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാട് ഇന്ത്യയുടെ ഭരണഘടനയെയും പൗരസ്വാതന്ത്ര്യത്തെയും അംഗീകരിക്കാത്ത സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്.

സ്ത്രീപുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ശബരിമലയിലെ ദര്‍ശനത്തിന്റെ പ്രശ്നം വരുന്നില്ല എന്നാണ് അമിത്ഷാ അഭിപ്രായപ്പെട്ടിരിക്കുന്നത്. സമത്വം എല്ലാ മേഖലയിലും സ്ഥാപിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ ഉണ്ടാവുക എന്നത് ഏറെ പ്രധാനമാണ്. അത്തരം നിയമങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണത്തിന്റെ ഭാഗമായി കൂടി ഇതിനെ കാണേണ്ടതുണ്ട്‌. കേരളം നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെയും നേടിയെടുത്ത ജനാധിപത്യപരമായ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്നു തിരിച്ചറിയണം. 

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണങ്ങളില്‍ ഒന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണവും തീവെയ്പും. മതനിരപേക്ഷതയുടെ മഹത്തായ പാരമ്ബര്യമുള്ള നമ്മുടെ സംസ്ഥാനത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വര്‍ഗ്ഗീയവത്ക്കരണം നടപ്പിലാക്കാനാവുമോ എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പരിശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി പ്രതിരോധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 
 

Top