കോട്ടയം > ''മാധ്യമപ്രവര്‍ത്തകയാണെന്ന‌് വ്യക്തമാക്കിയിട്ടും അവരെന്നെ ബലമായി ബസില്‍ നിന്നിറക്കി വിട്ടു. പൊലീസ‌് സുരക്ഷയൊരുക്കി എന്നെ വാനിലേക്ക‌് കൊണ്ടുപോകുന്നതിനിടെ പിന്നില്‍നിന്ന‌് ഒരാള്‍ ചവിട്ടി. വേച്ചുപോയ ഞാന്‍ ഒരു വിധത്തിലാണ‌് വാഹനത്തില്‍ കയറിപ്പറ്റിയത‌്.'' നിലയ‌്ക്കലില്‍ സമരാനുകൂലികളുടെ കൈയേറ്റത്തിന‌് വിധേയയായ 'ദ ന്യൂസ‌് മിനുട്ട‌് റിപ്പോര്‍ട്ടര്‍ സരിത എസ‌് ബാലന്‍ 'ദേശാഭിമാനി'യോട‌് പ്രതികരിച്ചു.
''ഞാന്‍ കെഎസ‌്‌ആര്‍ടിസി ലോ ഫ‌്ളോര്‍ ബസിലായിരുന്നു. നിലയ‌്ക്കലില്‍ ബസ‌് എത്തിയപ്പോള്‍ 12.30 ആയിരുന്നു. പൊടുന്നനെ ഇരുപതോളം പേര്‍ ബസ‌് വളഞ്ഞു. പ്രായമുള്ള ഒരാള്‍ ബസിലേക്ക‌് കയറി സ‌്ത്രീകളുണ്ടോയെന്ന‌് പരിശോധിച്ചു. പുറമെനിന്ന ചിലര്‍ ഇതിനകം എന്നെ കണ്ടു. അസഭ്യവര്‍ഷം തുടങ്ങി. മാധ്യമപ്രവര്‍ത്തകയാണെന്ന‌് കൂടെയുണ്ടായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിട്ടും അവര്‍ അടങ്ങിയില്ല. കേട്ടാലറയ‌്ക്കുന്ന അസഭ്യവര്‍ഷമായിരുന്നു. ബലമായി അവര്‍ എന്നെ ബസില്‍ നിന്നും പിടിച്ചിറക്കി. മര്‍ദ്ദിക്കാനും ശ്രമിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തി സംരക്ഷണവലയം തീര്‍ത്തു.
ഒരുവിധത്തില്‍ അവര്‍ എന്നെ പൊലീസ‌് വാനിലേക്ക‌് കൂട്ടിക്കൊണ്ടുപോകുമ്ബോഴും അസഭ്യവര്‍ഷവുമായി സമരക്കാര്‍ പിന്നാലെ കൂടി. പൊലീസുകാര്‍ക്കിടയിലൂടെ കൈയിട്ട‌് ആക്രമിക്കാനുമായിരുന്നു ശ്രമം. ഇതിനിടയില്‍ പിന്നില്‍ നിന്നും ശക്തിയായി ഒരാള്‍ ചവിട്ടി. ഇതെല്ലാം മൊബൈലിലും ചിലര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.'' സരിത പറഞ്ഞു.
സമരക്കാരില്‍പ്പെട്ട ഒരു സ‌്ത്രീ സരിതയ‌്ക്കുനേരെ വെള്ളക്കുപ്പിയും എറിഞ്ഞു. പൊലീസ‌് വാനില്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ ചിലര്‍ കല്ലെറിഞ്ഞു. വാഹനത്തിന്റെ ഗ്ലാസും തകര്‍ന്നതായി അവര്‍ പറഞ്ഞു.