തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാക്കി കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് യുവതി പ്രവേശനം സംബന്ധിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. അതേസമയം സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരാണ് ഇനി തീരുമാനിക്കേണ്ടതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. എന്നാല്‍, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.