• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശബരിമലയില്‍ സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡിന് സ്വന്തം നിലപാട് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വന്തം നിലപാട് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ള താണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നീക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സുപ്രീം കോടതിയില്‍ പുതിയ സത്യവാംങ്മൂലം നല്‍കാന്‍ തിരുവിതാരംകൂര്‍ ദേവസ്വം തീരുമാനിച്ചിരുന്നെങ്കിലും പഴയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‍വി സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ത്തു.

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്നോ, പുതിയ നിലപാട് അറിയിക്കാന്‍ സമയം വേണമെന്നോ അഭിഭാഷകന്‍ ആവശ്യപ്പെട്ടില്ല. കേസില്‍ ദേവസ്വം ബോര്‍ഡിന്‍റെ വാദം പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ നിലപാട് അറിയിക്കാന്‍ ഭരണഘടന ബെഞ്ചില്‍ സമയം ചോദിച്ചുവെന്ന അവകാശവാദമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നടത്തിയത് പദ്മകുമാര്‍ നടത്തിയത്.

ശബരിമലക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയെ കൃത്യമായി അറിയിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ ഈ വിചിത്രമായ പ്രസ്താവന.

Top