തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാരിന്റെ അനുമതി. ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ചേരുന്നതിനിടെ സര്‍ക്കാരിന്റെ ഈ നിലപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന സൂചനയാണ് നല്‍കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് അയയുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമവായ ശ്രമങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സര്‍ക്കാര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പന്തളം രാജകുടുംബത്തിന്റെയും തന്ത്രി കുടുംബവും പുനഃപരിശോധനാഹര്‍ജി നല്‍കിയാല്‍ മതിയെന്ന നിലപാട് അംഗീകരിച്ചാല്‍ സമരത്തില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും ബോര്‍ഡും. ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.