പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തലയില്‍ നിന്നുമെത്തിയ ലിബി എന്ന യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്നാണ് യുവതി അറിയിച്ചത്.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റിവ്യൂ ഹര്‍ജി ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നും ബോര്‍ഡ് അംഗം പറഞ്ഞു. ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന പ്രസിഡന്റിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും സ്ത്രീ പ്രവേശനത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും ബോര്‍ഡ് അംഗം പറഞ്ഞു.
നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ 'സേവ് ശബരിമല' എന്ന സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇതില്‍ ഒരാള്‍ യുവതിയും ഒരാള്‍ 50 വയസ്സ് കഴിഞ്ഞ വനിതയുമാണ്. ഗീവ്വര് ഇപ്പോള്‍ ഗാര്‍ഡ് റൂമില്‍ ഇരിക്കുകയാണ്.സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്.