ഇടുക്കി: സുപ്രീം കോടതി വിധി വന്നത് കൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. താത്പര്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും ബാക്കിയുള്ളവര്‍ക്ക് നിലവിലുള്ള വിശ്വാസം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്‌ക്കുമെന്ന് നിലപാടെടുത്ത പന്തളം രാജകുടുംബത്തിനും മന്ത്രി ശക്തമായ മറുപടി നല്‍കി. രാജഭരണം കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോള്‍ നിലവിലുള്ളത് ജനാധിപത്യമാണ്. ശബരിമലയിലെ ശ്രീകോവില്‍ അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ വെറും ശമ്ബളക്കാര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീകോവില്‍ അടയ്‌ക്കാന്‍ അധികാരം ഉള്ളത് കൊണ്ടാണ് തന്ത്രിക്ക് കത്ത് നല്‍കിയതെന്ന് പന്തളം കൊട്ടാര നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. എല്ലാ വിധികളോടും സര്‍ക്കാരിന്റെ നിലപാട് വ്യത്യാസമാണ്. യുവതികളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പരാമര്‍ശം.