മലപ്പുറം: ഭവ്യ വീണ്ടും പഴയ പോലെ ചിരിച്ചു, ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ വീണ്ടും. പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ മലയാളിയുടെ മനസില്‍ കയറിക്കൂടിയ യുവമിഥുനങ്ങളാണ് ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും.
കാന്‍സറിന്റെ കരാള ഹസ്തങ്ങളിലേക്ക് ഭവ്യയെ എറിഞ്ഞു കൊടുക്കാതെ അവളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ സച്ചിന്‍ ഹീറോയായി മാറി. ഓപ്പറേഷന്‍ തീയ്യേറ്ററിലേക്ക് കയറും മുമ്ബ് സച്ചിന്‍ കേരളക്കരയോട് ചോദിച്ചത് ഒന്നേയൊന്ന് മാത്രം. 'എന്റെ പ്രിയപ്പെട്ടവള്‍ക്കായി പ്രാര്‍ത്ഥിക്കണം, ഞങ്ങളെ അനുഗ്രഹിക്കണം.'
ഇപ്പോഴിതാ സഹൃദയരുടെ പ്രാര്‍ത്ഥനകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. വീണ്ടും അവരുടെ പ്രണയം ജയിച്ചു, ക്യാന്‍സര്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ആ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍.
'കഴിഞ്ഞ ദിവസം ഭവ്യയുടെ ഓപ്പറേഷന്‍ ആയിരുന്നു. എല്ലാം ഭംഗിയായി അവസാനിച്ചു. രാവിലെ അവളെ നേരില്‍ കണ്ടു സംസാരിച്ചു, വേദനയുണ്ട് എങ്കിലും പഴയ പോലെ ആ ചിരി ആ മുഖത്ത് കാണാന്‍ സാധിച്ചു. പറയാന്‍ വാക്കുകള്‍ കിട്ടാത്ത അത്രയും സന്തോഷം ഉണ്ട് മനസ്സില്‍. നിങ്ങളുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രമാണ് അവളുടെ ഈ ചിരിക്ക് കാരണം. ഞങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന എല്ലാ സുമനസുകള്‍ക്കും നന്ദിയും,. കടപ്പാടും അറിയിക്കുന്നു. സച്ചിന്‍ കുറിച്ചു.
സോഷ്യല്‍ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു ഇരുവരുടെയും പ്രണയം ക്യാന്‍സര്‍ ബാധിച്ചിട്ടും ഭവ്യയെ കൈവിടാതെ അവളെ ചികില്‍സിക്കാന്‍ കൂലിപ്പണിക്കിറങ്ങിയ സച്ചിന്റെ ജീവിതം ഹൃദയം കൊണ്ടാണ് കേരളം കണ്ടത്. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിക്കാന്‍ ഇറങ്ങിയ ഈ ദമ്ബതികള്‍ക്ക് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു.
ഭവ്യയുടെ രോഗത്തെ കാര്യമാക്കാതെ പ്രണയിനിയെ ജീവിതത്തില്‍ കൂടെക്കൂട്ടിയ സച്ചിനെ സോഷ്യല്‍ മീഡിയ സ്‌നേഹാഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. ഇപ്പോഴിതാ രോഗം പതിയെ അവളില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ സൂചന സച്ചിന്‍ നല്‍കുമ്ബോള്‍ കേരളവും സന്തോഷിക്കുകയാണ്.